കുന്നംകുളം നഗരസഭയ്ക്ക് മന്ത്രിയുടെ അഭിനന്ദനം
മാലിന്യ സംസ്‌ക്കരണത്തിലും ശുചിത്വ പ്രവര്‍ത്തനത്തിലും ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുന്നംകുളം നഗരസഭയുടെ ഗ്രീന്‍ ടെക്‌നോളജി സെന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
ദീര്‍ഘവീക്ഷണവും ഭാവന പൂര്‍ണവുമായ പദ്ധതിയാണ് കുന്നംകുളം നഗരസഭയുടെ ഗ്രീന്‍ പാര്‍ക്കും ഗ്രീന്‍ ടെക്‌നോളജിയും. മാലിന്യം ഇല്ലെന്ന് തെളിയിക്കുന്നതാണ് നഗരസഭയുടെ ഗ്രീന്‍ പാര്‍ക്ക്. ഇത്തരം മാലിന്യ സംസ്‌കരണ പ്ലാന്റ് നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം മനസ്സിലാക്കാതെയാണ് പ്ലാന്റിനെതിരെ പലരും പ്രതിഷേധിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്ക് പരിസരത്ത് നടന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭ മാലിന്യ സംസ്‌കരണ അംബാസിഡര്‍ വി.കെ ശ്രീരാമന്‍, ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ എസ് സനല്‍, കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ സി ബിനയ് ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുന്നംകുളം നഗരസഭയില്‍ തുടര്‍ച്ചയായി 11 തവണ 100 ശതമാനം യൂസര്‍ഫീ കളക്ഷന്‍ നേടിയ 5-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.എം സുരേഷിനെ മന്ത്രി ആദരിച്ചു.
58 ലക്ഷം രൂപ ചെലവഴിച്ചാണ് കുറുക്കന്‍ പാറയില്‍ ഗ്രീന്‍ ടെക്‌നോളജി പാര്‍ക്ക് സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യസംസ്‌കരണ രംഗത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, കിലയില്‍ എത്തുന്നവര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഗ്രീന്‍ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ദിനം പ്രതി എത്തുന്നു. ഇതിന്റെ ഭാഗമായാണ് ഗ്രീന്‍ ടെക്‌നോളനി പാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടത്.
രണ്ട് നിലകളിലായി നിര്‍മിച്ച ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ 50 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്‍ ഇഡി വാള്‍, പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2016 ല്‍ കുന്നംകുളം കുറുക്കന്‍ പാറയില്‍ ആരംഭിച്ച ഗ്രീന്‍ പാര്‍ക്ക് സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന രീതിയിലാണ് പ്രവൃത്തിക്കുന്നത്. ചകിരി സംസ്‌കരണ യൂണിറ്റുള്‍പ്പെടെ ഏഴ് ഷെഡുകള്‍ ഇവിടെ പ്രവര്‍ത്തിക്കുണ്ട്. 4.32 കോടി രൂപ വിനിയോഗിച്ചാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്.