നീണ്ടൂര്‍ – ആദൂര്‍ -വെള്ളറക്കാട് റോഡ് സമര്‍പ്പിച്ചു
സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പ് തുടരുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ -വെള്ളറക്കാട് റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന വികസനത്തില്‍ വന്‍ മുന്നേറ്റമാണ് നടന്നത്. അധികാര കേന്ദ്രങ്ങളിലുള്ളവര്‍ ഈ വികസനത്തെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചാലും കേരളം അതിജീവിച്ച് മുന്നോട്ടു പോകും. വീടുവെയ്ക്കാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ലൈഫ് പദ്ധതി വഴി 17180 കോടി രൂപ വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഗ്രാന്റ് നല്‍കുന്നതും കേരളമാണ്. അര്‍ഹമായ ഗ്രാന്റ് കേന്ദ്രം നല്‍കുന്ന മുറയ്ക്ക് കേരളത്തിലെ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുമെന്നും ക്ഷേമപെന്‍ഷന്‍ കൂട്ടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നീണ്ടൂര്‍ ഉദയ ക്ലബ് പരിസരത്ത് നടന്ന ചടങ്ങില്‍ എ സി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി പ്രമോദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലളിത ഗോപി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രമണി രാജന്‍, ടി പി ലോറന്‍സ്, ബീന രമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം വിനീത്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ജെ സ്മിത റിപ്പോര്‍ട്ട അവതരിപ്പിച്ചു.
കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ – ആദൂര്‍ -വെള്ളറക്കാട് റോഡ് അഞ്ച് കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക ബി.എം- ബി.സി. നിലവാരത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. നാല് കോടി രൂപ നബാര്‍ഡ് ഫണ്ടും എ.സി. മൊയ്തീന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും 40 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് 35 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.