ഒന്നാം തരം വിദ്യാര്‍ത്ഥികളുടെ കുഞ്ഞെഴുത്തുകള്‍ സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കുന്നതിനും ജില്ലയിലെ സ്‌കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനും വേണ്ടി കൈറ്റിന്റ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ തല സ്‌കൂള്‍ വിക്കി ശില്പശാലയും അധ്യാപകര്‍ക്കുള്ള സ്‌കൂള്‍വിക്കി പരിശീലനവും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സ് ഒന്നാം തരമാണ് എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് കുഞ്ഞെഴുത്തുകള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നാം തരത്തിലെ കുട്ടികളുടെ കഥകളും കവിതകളും മറ്റ് രചനകളും സ്‌കൂള്‍ വിക്കി പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇവ പൊതുസഞ്ചയത്തിലേക്ക് നല്‍കി രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിദ്യാലയത്തെ സഹായിക്കുന്നു. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലയ വിജ്ഞാനകോശമാണ് സ്‌കൂള്‍വിക്കി.
സ്‌കൂളുകളുടെ അടിസ്ഥാന വിവരങ്ങള്‍ തൊട്ട് പ്രവര്‍ത്തന മികവുകള്‍ വരെ ഡോക്യുമെന്റ് ചെയ്യുവാനും സ്ഥിരമായി സൂക്ഷിക്കുവാനും അവസരം ഒരുക്കുകയാണ് സ്‌കൂള്‍ വിക്കി. ഒറ്റക്ലിക്കിലൂടെ ലോകത്തെവിടെയും ഉള്ളവര്‍ക്ക് തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിന്റെ വളര്‍ച്ച മനസിലാക്കുന്നതിനും സ്‌കൂളിന് പിന്തുണ നല്‍കുവാനും ഇതുവഴി സാധിക്കുന്നു. ഒരാഴ്ചത്തെ സ്‌കൂള്‍വിക്കി വാരാചരണത്തിനാണ് ഈ ശില്പശാലയിലൂടെ തുടക്കമിട്ടത്.
ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പരിശീലനം നല്‍കും. ലിറ്റില്‍ കൈറ്റ് ഡിജിറ്റല്‍ മാഗസിനുകള്‍ സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കല്‍, സുകൂള്‍ വിക്കിയുടെ പ്രസക്തിയും പ്രാധാന്യവും ഡിജിറ്റല്‍ യുഗത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ അവതരണം, ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമുള്ള ഒന്നാം തരം വിദ്യാര്‍ത്ഥികളുടെ കുഞ്ഞെഴുത്തുകള്‍ സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കല്‍ എന്നീ പരിപാടികാളാണ് സ്‌കൂള്‍ വിക്കി വാരാചരണത്തിന്റെ ഭാഗമായി നടക്കുന്നത്.
സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാനും മറ്റ് സ്‌കൂളുകളലെ മികവുകള്‍ ലോകത്തെവിടെയുള്ളവര്‍ക്കും മനസിലാക്കുന്നതിനും ഇതു വഴി സാധ്യമാകും. കുരുന്നുമനസില്‍ വിരിഞ്ഞ കഥകളും കവിതകളും ചത്രങ്ങളുമെല്ലാം വര്‍ഷാവസാനം പുസ്തകങ്ങളോടൊപ്പം മണ്‍ മറഞ്ഞ് പോകുന്നതിന് ഒരു പരിഹാരമായാണ് വിദ്യാഭ്യാസ വകുപ്പും കൈറ്റും കുഞ്ഞെഴുത്തുകള്‍ എന്ന വിക്കി പേജിന് രൂപം നല്കിയത്.
വിദ്യാലയങ്ങളുടെ ഡോക്യമെന്റുകള്‍ കാലകാലങ്ങളില്‍ സൂക്ഷിക്കാനുള്ള മികച്ച സംവിധാനമായ സ്‌കൂള്‍ വിക്കിയെ വിദ്യാലയങ്ങളുടെ നേര്ക്കാഴ്ചയാക്കി മാറ്റണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.രഘുറാം ഭട്ട് പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.ദാമോദരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ് പദ്ധതി വിശദീകരിച്ചു. ബേക്കല്‍ എ.ഇ.ഒ കെ.അരവിന്ദ സംസാരിച്ചു. സ്‌കൂള്‍ വിക്കി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി.കെ.വിജയന്‍, അബ്ദൂള്‍ ജമാല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കൈറ്റ് മുന്‍ ജില്ലാ കോര്‍ഡിനേറ്ററും പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ എം.പി.രാജേഷ് സ്വാഗതവും കൈറ്റ് എം.ടി.സി കെ.വി.മനോജ് നന്ദിയും പറഞ്ഞു.