നാടിൻ്റെ സമഗ്ര മുന്നേറ്റത്തിലും നാടിനെ നേർവഴിക്ക് നയിക്കുന്നതിലും നിർണായക പങ്കാണ് റസിഡൻ്റ്സ് അസോസിയേഷനുകൾക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റസിഡൻ്റ്സ് അസോസിയേഷ നുകളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്‍റെ നയപരിപാടികൾ അര്‍ത്ഥവത്താകുന്നത് പ്രാദേശികതലത്തിൽ വേണ്ടവിധം നടപ്പിലാകുമ്പോഴാണ്. എല്ലാ പദ്ധതികളും ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. അതുതന്നെയാണ് അവയുടെ വിജയരഹസ്യവും. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ അതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

നമ്മുടെ നാട് അവിചാരിതമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആശ്വാസ നടപടികള്‍ കൈക്കൊണ്ടതും. കോവിഡു കാലത്തും പ്രളയ കാലത്തും നടത്തിയ അത്തരം ഇടപെടലുകളിൽ അകമഴിഞ്ഞ് പിന്തുണ നൽകിയവരും ഭാഗഭാക്കായവരുമാണ് ഏറെയും. അതുകൊണ്ടുതന്നെ നവകേരള നിര്‍മ്മിതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് എല്ലാവരും.

റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനികസമൂഹം. നിലവിലുള്ള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിയമം തന്നെ റസിഡന്‍റ്സ് വെൽഫെയര്‍ അസോസിയേഷനുകള്‍ വേണം എന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിൽ വ്യാപകമായാൽ ഇന്നുള്ള പല ദുഷിപ്പുകളും അവസാനിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത്, അവര്‍ മയക്കുമരുന്നിന് അടിമയായിപ്പോകുന്നത്, ചെറുപ്പക്കാര്‍ തന്നെ മയക്കുമരുന്നിന്‍റെ ക്യാരിയര്‍മാരായി തീരുന്നത്, പെണ്‍കുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവിൽ ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും.

സാമൂഹികജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം സംഘടനകള്‍ ഉണ്ടാകുമ്പോഴാണ്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഇരുണ്ട ഇടവഴികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്താനും അവിടങ്ങളിൽ അനാശാസ്യപരമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താനും അസോസിയേഷനുകളുടെ ജാഗ്രതാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. നമുക്ക് സാര്‍വ്വത്രികവും സുദൃഢവുമായ ജനമൈത്രി പോലീസ് സംവിധാനമാണുള്ളത്. അതേപോലെ ഒരു സിവിൽ ഡിഫന്‍സ് സേനയുമുണ്ട്. ഇവയുമായൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അസോസിയേഷനുകള്‍ക്കു കഴിയണം.

ചെറിയ കാര്യങ്ങള്‍ മുതൽ വലിയ കാര്യങ്ങള്‍ വരെ ജനോപകാരപ്രദമാം വിധം നിറവേറ്റാന്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെ മുന്‍കൈയ്യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. പെട്ടെന്ന് ഒരു കുറ്റകൃത്യം ഉണ്ടാകുന്നതായി കണ്ടാൽ ഉടനെ പോലീസ് സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 100 ആണ് എന്നതും തീപിടിത്തമുണ്ടായാൽ അത് കെടുത്താന്‍ സഹായം തേടി വിളിക്കേണ്ട നമ്പര്‍ 101 ആണ് എന്നതും അടക്കമുള്ള കാര്യങ്ങള്‍ അറിയാത്ത കുടുംബങ്ങള്‍ നമ്മുടെ ഫ്ളാറ്റുകളിൽ അടക്കം ഉണ്ട്. അപകടഘട്ടങ്ങളിൽ മാത്രമാണ് അടിയന്തര സന്ദര്‍ഭങ്ങളിൽ ആവശ്യമായിവരുന്ന നമ്പറുകള്‍ ഓരോ വീടിന്‍റെയും ചുമരുകളിൽ തന്നെയുണ്ട് എന്നുറപ്പുവരുത്താന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും.

മഹാപ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളെ വളരെ പെട്ടെന്നു തന്നെ രംഗത്തിറക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്നതിന് സര്‍ക്കാരിനു സാധിച്ചത് കടലോര ജാഗ്രതാ സമിതിയുടെ സഹായത്താലാണ്. ഈ സമിതി റസിഡന്‍റ്സ് അസോസിയേഷന്‍റെ സ്വഭാവത്തിൽ തന്നെ പ്രവര്‍ത്തിക്കുന്നതാണ് എന്നത് പ്രത്യേകത ഉള്ള കാര്യമാണ്. ഇതുപോലെ അടിയന്തര രക്ഷാപ്രവര്‍ത്തനം വേണ്ട സന്ദര്‍ഭങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു നേതൃത്വപരമായ പങ്കുവഹിക്കാന്‍ കഴിയും.

ഡിഫന്‍സ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സിവിൽ ഡിഫന്‍സ് സേനയിൽ പരിശീലനം കിട്ടിയ വ്യക്തികള്‍ വാര്‍ഡുതോറും തന്നെയുണ്ട്. അപകടസന്ദര്‍ഭങ്ങളിൽ അവരുടെ സഹായം തേടാം. ഇക്കാര്യം എല്ലാവർക്കുമറിയില്ല. അതത് പ്രദേശങ്ങളിലുള്ള സിവിൽ ഡിഫന്‍സ് സേനാംഗങ്ങളുടെ ഒരു പട്ടിക റസിഡന്‍റ്സ് അസോസിയേഷനുകളുടെ പക്കലുണ്ടെങ്കിൽ അത് വളരെയധികം പ്രയോജനപ്പെടും.

ഓരോ ഇടത്തും താമസിക്കുന്നവരുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയണം. ഇക്കാര്യം ഒരു ഘട്ടത്തിൽ കൊച്ചി നഗരത്തിൽ നിര്‍ബ്ബന്ധമായി നടപ്പാക്കി. മൂന്ന് മാസഘട്ടത്തിൽ വലിയ തോതിൽ ആളുകള്‍ വന്ന് പോയത് ശ്രദ്ധയിൽപ്പെട്ടു. അതായത്, ഒരു ഫ്ളോട്ടിങ് സമൂഹമുണ്ട്. ണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടി നീക്കിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞു. പെരിന്തൽമണ്ണയിൽ ഇതേപോലെ ഒരു ഡോക്യുമെന്‍റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വാടകയ്ക്കു വീട് എടുത്തു താമസിച്ചിരുന്ന കുറേ കൂട്ടര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. ക്രിമിനലുകളുടെ സംഘമായിരുന്നു ഇങ്ങനെ താമസിച്ചിരുന്നത് എന്ന് കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞു.

ഫ്ളാറ്റുകളിലായാലും വില്ലകളിലായാലും ഇതുപോലെയുള്ള രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് കുറ്റകൃത്യനിവാരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് അത് വലിയ തോതിൽ പ്രയോജനപ്പെടും. റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് എപ്പോഴും ജാഗ്രതയുടേതായ ഒരു കണ്ണുവേണം. അപരിചിതര്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടോ, അപരിചിത വാഹനങ്ങള്‍ അസമയങ്ങളിൽ വന്നുപോകുന്നുണ്ടോ, കുട്ടികള്‍ സംശയകരമായ സാഹചര്യങ്ങളിൽ ഇടവഴികളിൽ സംഘം ചേരുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ കഴിയണം. ഉണ്ടെങ്കിൽ അത് അപ്പപ്പോള്‍ പോലീസിനെ അറിയിക്കാന്‍ കഴിയണം.

പോലീസിന്‍റെ സഹായം തേടണമെന്ന് പറഞ്ഞത് സദാചാര പോലീസായി ആരെങ്കിലും ചമഞ്ഞിറങ്ങണമെന്നല്ല അര്‍ത്ഥം. പോലീസിന്‍റെയും മറ്റും പണി റസിഡന്‍റ്സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണം എന്നുമല്ല ഇതിന്‍റെ അര്‍ത്ഥം. പോലീസിനെ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിലപാട് ഉണ്ടാകണം എന്നുമാത്രമേ അര്‍ത്ഥമാക്കിയിട്ടുള്ളു. അങ്ങനെ വന്നാൽ ഇന്നത്തെ ആശാസ്യമല്ലാത്ത പല കാര്യങ്ങളിലും വലിയ മാറ്റം വരുത്താന്‍ സാധിക്കും.

പല ജാതിയിലും പല മതങ്ങളിലും പെട്ടവർ ഒരുമിച്ചാണ് അപ്പാര്‍ട്ട്മെന്‍റുകളിലും മറ്റും കഴിയുന്നത്. ജാതിമത ഭേദങ്ങള്‍ക്കതീതമായ മനസ്സുകളുടെ ഒരുമ കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ആപത്തു വരുമ്പോള്‍ തൊട്ട് അയൽ പക്കത്തുള്ളവരാണ് സഹായിക്കാനുണ്ടാവുക എന്ന ബോധം എപ്പോഴും ഉണ്ടാവണം. അയലത്ത് ആരാണ് ഉള്ളത് എന്നതു പോലും അന്വേഷിക്കാതെ സ്വകാര്യതയിലേക്ക് ഒതുങ്ങുന്നത് പലപ്പോഴും ആപത്തേ വരുത്തിവെക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ വിവിധ ജില്ലകളിൽ വ്യത്യസ്ത വിഭാഗങ്ങളോട് നേരിട്ട് സംവദിക്കുകയും നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിന് ഇതുവരെയുള്ള മുഖാമുഖം സംവാദങ്ങള്‍ വലിയ നിലയിൽ ഉപകരിച്ചിട്ടുണ്ട്.

മതനിരപേക്ഷ ജനാധിപത്യ സമൂഹം എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ , വ്യവസായം, കൃഷി, സാമൂഹ്യനീതി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സംസ്ഥാനം നടപ്പാക്കിവരുന്ന ജനപക്ഷ നിലപാടുകള്‍ കൂടുതൽ ശക്തമായി കൊണ്ടുപോകുന്നതിനുള്ള ഊര്‍ജ്ജവും കൈത്താങ്ങുമാണ് ഇതുവരെയുള്ള സംവാദങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

കേരളത്തെ ഒരു പുരോഗമന സമൂഹമായി നിലനിര്‍ത്തുന്നതിനും വരുംതലമുറകള്‍ക്ക് കൂടി പര്യാപ്തമാംവിധം കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിനും കലവറയില്ലാത്ത പിന്തുണയാണ് കേരളീയ പൊതുസമൂഹം ഒന്നടങ്കം നൽകിയിട്ടുള്ളത്. ഇത് സര്‍ക്കാരിന് വൻതോതിൽ പ്രചോദനമാണ്.
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ആദിവാസി – ദളിത് ജനത, സാംസ്കാരിക പ്രവര്‍ത്തകര്‍, ഭിന്നശേഷി വിഭാഗം, മുതിർന്ന പൗരന്മാർ, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുമായാണ് ഇതിനോടകം സംവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.