ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി
സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാനായത്. എന്തെങ്കിലും കാരണത്താൽ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് വരും ദിവസങ്ങളിൽ തുള്ളിമരുന്ന് നൽകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂർ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂർ 1,44,674, കാസർഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തിൽ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്സിനേഷനിൽ മുന്നിലുള്ള ജില്ലകൾ.
ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ഇതിൽ 19.17 ലക്ഷം കുഞ്ഞുങ്ങൾക്കും പോളിയോ ബൂത്തുകൾ വഴിയാണ് തുള്ളി മരുന്ന് നൽകിയത്. 46,942 വോളണ്ടിയർ, 1564 സൂപ്പർവൈസർമാർ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ സേവനമനുഷ്ഠിച്ചത്.
പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചിരുന്നു. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിച്ചത്.