ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കടനാട് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. സർക്കാർ കഴിഞ്ഞ ഏഴര വർഷമായി ആർദ്രം മിഷനിലൂടെ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. പരമാവധി ചികിത്സാ സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം. പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. കെ. ബിജു, സെബാസ്റ്റ്യൻ കട്ടക്കൽ, ലാലി സണ്ണി, എന്നിവർ പങ്കെടുത്തു.

ആർദ്രകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.86 കോടി രൂപ മുടക്കിലാണ് കെട്ടിടം നിർമിച്ചത്. 5720 ചതുരശ്ര അടി വിസ്തൃതിയിൽ പണി പൂർത്തികരിച്ചിരിക്കുന്ന കെട്ടിടത്തിൽ വിശാലമായ ഒ.പി, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലാബ് ഫാർമസി, നിരീക്ഷണ മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.