ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപന്ന പ്രദർശന വിപണന മേള മലപ്പുറം ടൗൺഹാളിൽ ആരംഭിച്ചു. മലപ്പുറം ബസാർ എന്ന പേരിട്ട വിപണന മേള നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷത വഹിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന മേള മാർച്ച് ഏഴിന് സമാപിക്കും.
മേളയിൽ ജില്ലാ കുടുംബശ്രീ പ്രവർത്തകരുടെ ഫുഡ് കോർട്ട്, നാടൻ പലഹാരങ്ങൾ, വിവിധയിനം അച്ചാറുകൾ, കേക്കുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ശുദ്ധമായ, സ്‌ക്വഷുകൾ, ഐസ്ക്രീം, വീട്ടുപകരണങ്ങൾ, ധാന്യപ്പൊടികൾ, കാർഷിക ഉപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണ്ണിച്ചറുകൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. നാൽപ്പത്തിലധികം സംരംഭക സ്റ്റാളുകൾ ടൗൺഹാളിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ. പ്രശാന്ത്, സി.കെ മുജീബ് റഹ്മാൻ, സി.ആർ സോജൻ, വാർഡ് കൗൺസിലർ പി.എസ്.എ ഷബീർ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി മുഹമ്മദ് ഹനീഫ, കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കരീം എന്നിവർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അബ്ദുൽ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ് നന്ദിയും പറഞ്ഞു.