പുതുക്കിപ്പണിത അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു. പുതിയ കുടുംബാരോഗ്യ കേന്ദ്രം അയ്മനത്തെ ജനങ്ങളുടെ പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയത് കോട്ടയം മെഡിക്കൽ കോളജി ലൂടെ ആണെന്നും ജനങ്ങൾക്ക് തൊട്ടടുത്ത് തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം. കെ. വാസു, ഓൾ ഇന്ത്യ സിവിൽ സർവ്വീസ് നീന്തൽ ടൂർണ്ണമെൻ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരൻ പി.ടി സിബിമോൻ, കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തികരിച്ച നിർമ്മിതി കേന്ദ്രം അധികൃതർ എന്നിവരെ ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ആദരിച്ചു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. കെട്ടിടത്തിൽ മൂന്ന് ഒ.പി കേന്ദ്രങ്ങൾ, ലബോറട്ടറി, ഫാർമസി, നഴ്‌സസ് റൂം, നിരീക്ഷണമുറി, ശൗചാലയങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.