-ഹബ് ആന്റ് സ്പോക്ക് ലാബ് നെറ്റിവർക്കിങ് പദ്ധതിയാണ് അവാർഡിനായി പരിഗണിച്ചത്

നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ ആർദ്രം 2 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ഹബ്ബ് ആന്റ് സ്പോക് ലാബ് നെറ്റ് വർക്കിങ് പദ്ധതിക്ക് സ്‌കോച്ച് അവാർഡ് ലഭിച്ചു. ആരോഗ്യരംഗത്തെ രോഗനിർണയ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും മെച്ചപ്പെട്ട പരിശോധന പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള ഹബ്ബ് ആന്റ് സ്പോക്ക് ലാബ് നെറ്റിവർക്കിങ് പ്രവർത്തനത്തിനാണ് ദേശീയാംഗീകാരമായ സ്‌കോച്ച് പുരസ്കാരം ലഭിച്ചത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 64ഇനം പരിശോധനകളും കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ നൂറോളം പരിശോധനകളും ലാബ് നെറ്റ് വർക്കിങ്ങിലൂടെ നടക്കുന്നു. പദ്ധതി ആദ്യമായി ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്. പി.എച്ച്.സികളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ഏകീകൃത സംവിധാനത്തിലൂടെ പരിശോധന നടത്തി റിസൾട്ട് അതേ പി.എച്ച്.സികളിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

നവകേരള കർമ്മ പദ്ധതി രണ്ടിൽ ആർദ്രം രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളിൽ ഒന്നായ ഹബ് ആന്റ് സ്പോക്ക് മോഡൽ ലാബ് നെറ്റ് വർക്കിങ് പദ്ധതി മലപ്പുറം ജില്ലയിലാണ് ആദ്യമായി ആരംഭിച്ചത്. തുടർന്ന് മലപ്പുറം  മാതൃക മറ്റു ജില്ലയികളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്കായി പ്രത്യേകം ബ്രാൻഡിങ് ചെയ്ത വണ്ടികൾ തയ്യാറാക്കി. അതുപോലെ പ്രത്യേകം ബ്രാൻഡിങ് ചെയ്ത സാമ്പിൾ കളക്ഷൻ ബാഗുകളും തയ്യാറാക്കി.

കുറഞ്ഞ ചെലവിൽ ഗുണമേന്മയുളള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ആരോഗ്യ രംഗത്ത്  വലിയ മാറ്റത്തിന് വഴി തെളിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ തുടങ്ങിയ തലങ്ങളിൽ  ചെയ്യാൻ സാധിക്കാത്ത നൂതന രോഗ നിർണയ പരിശോധനകൾക്കുളള സാമ്പിളുകൾ ജില്ലയിലെ തന്നെ ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രി തുടങ്ങിയവയിൽ ഒരുക്കുന്ന ഹബ് ലാബിൽ എത്തിച്ച് പരിശോധനാഫലം രോഗിക്ക് കീഴ് സ്ഥാപനങ്ങളിൽ തന്നെ ലഭ്യമാക്കുന്ന ഈ പദ്ധതി ആരോഗ്യമേഖലയിലെ ഒരു പുത്തൻ ചുവടുവയ്പ്പാണ്.

കുറഞ്ഞ ചിലവിൽ ഗുണമേന്മയുളള ചികിത്സ ഉറപ്പാക്കാനുതകുന്ന ലാബ് റിസൾട്ട് വേഗത്തിൽ ലഭ്യമാക്കുന്ന ഈ പദ്ധതി മലപ്പുറം ജില്ലയിൽ ആദ്യമായി ആരംഭിച്ചത് നിലമ്പൂർ ജില്ലാശുപത്രിയിലാണ്.
2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വളരെ വിജയകരമായി നടപ്പാക്കാൻ സാധിക്കുന്നു.

സ്‌കോച്ച് അവാർഡിന്റെ വിവിധ ഘട്ടങ്ങളിലുടെയുളള മൂല്യ നിർണയം വഴിയാണ് പദ്ധതിയെ അവാർഡിനായി പരിഗണിച്ചത്.  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ പ്രോജക്ടുകൾക്കൊപ്പം മത്സരിച്ചാണ് ലാബ് നെറ്റ് വർക്കിങ് പ്രോജക്ട് അവാർഡ് സ്വന്തമാക്കുന്നത്. മൂല്യനിർണയത്തിന്റെ ഭാഗമായി ഓൺലൈൻ എക്സിബിഷനും പ്രസന്റേഷൻ അവതരണവും നടന്നു.

ഡി.എം.ഒ  ഡോ. ആർ. രേണുകയുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് സ്‌കോച്ച് അവാർഡിന് അപേക്ഷ നൽകിയത്.  ലാബ്നെറ്റ് വർക്കിങ് പ്രോജക്ട് പ്രസന്റേഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് അവതരിപ്പിച്ചു. ഡോ. വി. ഫിറോസ്ഖാൻ, ഡോ. പ്രവീണ, ഡോ. ലക്ഷ്മി, ഫാവാദ്, ജില്ലയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ ,ആരോഗ്യകേരളം ജീവനക്കാർ തുടങ്ങിയവർ ലാബ് നെറ്റ് വർക്കിങ് പദ്ധതി പൂർണത്തിലെത്തിക്കാൻ സഹായിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് പദ്ധതിയായ അരോഗ്യഭേരിയിൽ ലാബ് നെറ്റ്‍വർക്കിങ് പദ്ധതിക്ക് ആവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രോജക്റ്റിന് ഭരണപരമായ നേതൃത്വവും നൽകി.