അങ്കണവാടികളുടെ സൗരോര്‍ജവത്കരണ പദ്ധതി,
സൗരോര്‍ജ കോള്‍ഡ് സ്റ്റോറേജ് ഉദ്ഘാടനം ചെയ്തു


അങ്കണവാടികളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുകയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം സജ്ജീകരിക്കുകയും ചെയ്ത് അധിക വരുമാനം കണ്ടെത്താനാകണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ അങ്കണവാടികളുടെ സൗരോര്‍ജവത്കരണ പദ്ധതിയുടെയും സോളാര്‍ പവേര്‍ഡ് കോള്‍ഡ് സ്റ്റോറേജുകളുടെയും ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം അങ്കണവാടിയില്‍ സജ്ജീകരിച്ചാല്‍ അധിക വരുമാനം കണ്ടെത്താനാകും. അങ്കണവാടികളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യമില്ലെങ്കില്‍ അവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് ഡയറക്ടറേറ്റുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സമൂഹത്തില്‍ ഏറ്റവും അടിത്തട്ടിലുള്ളവരെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗരോര്‍ജവത്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഹരിത ഊര്‍ജം വരുമാനം എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായ പരിപാടിയില്‍ വടകരപ്പതി, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. ജോസി ബ്രിട്ടോ, റിഷ പ്രേംകുമാര്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വിജയന്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തങ്കവേലു, അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ മീനാക്ഷിക്കുട്ടി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.