മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ എ.എന്‍.യു മന്നാടിനായര്‍ സ്മാരക ഹാളില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്വിച്ച് ഓണ്‍ ചെയ്തു. അതിര്‍ത്തി പ്രദേശമായ ചിറ്റൂരിനെ സംബന്ധിച്ചിടത്തോളം സി.സി.ടി.വി നിരീക്ഷണ ക്യാമറകള്‍ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കുന്നതിനപ്പുറം നിയമവിരുദ്ധ ലഹരി കടത്തും നികുതി വെട്ടിപ്പും കൂടി കണ്ടുപിടിക്കാന്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

മേനോന്‍പാറ ഒഴലപ്പതി റോഡില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതിന്റെ ഭാഗമായി ആദ്യദിവസം 60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്താന്‍ കഴിഞ്ഞത്. നികുതി വെട്ടിപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തടയാനാകണമെന്നും മന്ത്രി പറഞ്ഞു. സി.സി.ടി.വി സ്ഥാപിക്കുന്നതിലൂടെ രോഗകാരണമാകുന്ന പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ ഒഴിവാക്കുന്നതിനോടൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിറ്റൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച മന്ത്രി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന് മാത്രം 391 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയതായും കൂട്ടിച്ചേര്‍ത്തു.

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലിന്യ നിക്ഷേപം തടയുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അത്തിക്കോട് (മലബാര്‍ ഹോട്ടല്‍ പരിസരം), ചിറ്റൂര്‍ റോഡ്(കൃഷിഭവന്‍ പരിസരം), കുലുക്കപ്പാറ മാലിന്യസംസ്‌ക്കരണ പ്ലാന്റ്, മോടംമ്പടി സരസ്വതി വിദ്യാലയത്തിന് സമീപം, ആര്‍.വി.പി പുതൂര്‍ റോഡ് എന്നിവിടങ്ങളിലാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് നിലാവര്‍ണീസ, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. മുഹമ്മദ് ഫാറുക്ക്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ കണ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ദോ പ്രഭു, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന ചന്ദ്രന്‍, എം. രാമകൃഷ്ണന്‍, എ. ഫരീദ, കെ. കവിത, ദീപ സുമേഷ്, ആര്‍. ലത, പി. പ്രജിഷ, എച്ച്. മുഹമ്മദ് നാസര്‍, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് സെക്രട്ടറി എന്‍. രാധ, അസിസ്റ്റന്റ് സെക്രട്ടറി ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.