നടുപ്പതി ആദിവാസി കോളനിയിലെ വൈദ്യുത ആവശ്യം പുര്‍ണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 120 വീടുകളില്‍ സൗരോര്‍ജവത്കരണം പൂര്‍ത്തിയായി. ഇതോടുകൂടി നെറ്റ് മീറ്ററിങ് സംവിധാനത്തിലൂടെ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃതമാകുന്ന ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ഗോത്ര മേഖലയായി നടുപ്പതി മാറുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അനര്‍ട്ട് നടപ്പാക്കിവരുന്ന ഹരിത ഊര്‍ജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഗ്രിഡ് ബന്ധിത സൗരോര്‍ജവത്കൃത ആദിവാസി കോളനിയായ നടുപ്പതി കോളനിയുടെ ഉദ്ഘാടനം നടുപ്പതി ജി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നടുപ്പതിയിലെ 80 വീടുകളിലായി രണ്ടു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളാണ് സ്ഥാപിച്ചത്. ബാക്കി വീടുകളില്‍ മേല്‍ക്കൂരകള്‍ സജ്ജമാകുന്ന മുറയ്ക്ക് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും. 60 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെ വികസന ഫണ്ടും 40 ശതമാനം കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പൂര്‍ത്തീകരണത്തിന് ഗുണഭോക്തൃ വിഹിതമായ 72,75,100 രൂപ അനര്‍ട്ടിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചു. രണ്ട് കിലോവാട്ട് ഗ്രിഡ് കണക്റ്റഡ് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ പ്രതിദിനം ഏകദേശം എട്ട് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്ന അധിക വൈദ്യുതിയില്‍നിന്ന് ചെറിയ വരുമാനം കണ്ടെത്താന്‍ ഈ കുടുംബങ്ങള്‍ക്ക് സാധിക്കും. 100 യൂണിറ്റ് വൈദ്യുതി മാസ ഉപഭോഗമുള്ള കുടുംബത്തിന് ഏകദേശം 1200 യൂണിറ്റ് വൈദ്യുതി ഒരു വര്‍ഷം ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. ഇതിലൂടെ വര്‍ഷത്തില്‍ ഏകദേശം 4000 രൂപയോളം വരുമാനം ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ഒരു ഇന്‍ഡക്ഷന്‍ സ്റ്റൗ കൂടി ഗുണഭോക്താവിനു നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം എല്‍.പി.ജിയുടെ ചെലവ് ലാഭിച്ച് അധിക വരുമാനം ഉണ്ടാക്കാന്‍ ഗുണഭോക്താവിന് സാധിക്കും. ഇതുവഴി ഏകദേശം 6000 രൂപയോളം വര്‍ഷത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഈ പദ്ധതിയിലൂടെ ഗുണഭോക്താവിന് ഏകദേശം 10,000 രൂപ വര്‍ഷത്തില്‍ അധിക വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടികാട്ടി. അനര്‍ട്ട് മുഖേന നടപ്പാക്കുന്ന കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജവത്ക്കരണ പദ്ധതിയായ പി.എം കുസും പദ്ധതിയിലുള്‍പ്പെടുത്തി കോളനിയിലുള്ള രണ്ടു കാര്‍ഷിക പമ്പുകളുടെ സൗരോര്‍ജവത്ക്കരണവും പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതികള്‍ നടുപ്പതിക്ക് വികസനത്തിന്റെ വെളിച്ചമേകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടു കൂടി പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040-ഓടെ നൂറ് ശതമാനം പുനരുപയോഗ ഊര്‍ജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാര്‍ബണ്‍ ന്യൂട്രലായും മാറാനുള്ള പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിനാകെ മാതൃകയായി സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. അതിനു തുടര്‍ച്ചയായി ഇപ്പോള്‍ വനാന്തരങ്ങളിലെ ദുര്‍ഘടമായ എല്ലാ ആദിവാസി ഗോത്ര മേഖലകളിലെ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ശ്രമകരമായ ദൗത്യം ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഈ വര്‍ഷം തന്നെ ആദിവാസി ഗോത്ര മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും.
ഗ്രിഡ് വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന പ്രദേശങ്ങളില്‍ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് മോഡലില്‍ അനര്‍ട്ട് മുഖേനയും വൈദ്യതി എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പത്മിനി, അനര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.