സൗജന്യ ചികിത്സ ഉറപ്പാക്കി മന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വർക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്.
തന്റെ ഭർത്താവായ ഉണ്ണികൃഷ്ണനെ (55) ഹാർട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചതെന്ന് അവർ പറഞ്ഞു. പരിശോധനയിൽ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടനടി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചികിത്സാ കാർഡ് ഇല്ലാത്തതിനാൽ സ്റ്റെന്റിന്റെ തുക അടയ്‌ക്കേണ്ടി വന്നു. പെട്ടെന്ന് തുക സംഘടിപ്പിക്കാൻ കഴിയാതെ ഭർത്താവിന്റെ സഹോദരിയുടെ വള പണയം വച്ച് 40,000 രൂപ അടച്ചു. അതേസമയം അവരുടെ ഭർത്താവ് കാൻസർ ബാധിച്ച് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലാണ്. മാത്രമല്ല സ്റ്റെന്റിന്റെ ബാക്കി തുക കൂടി അടയ്ക്കാനുണ്ട്.
വളരെയേറെ ബുദ്ധിമുട്ടുന്ന തങ്ങളെ സഹായിക്കണം എന്നാണ് ഉണ്ണികൃഷ്ണന്റെ ഭാര്യയും സഹോദരിയും മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ മന്ത്രി സൂപ്രണ്ടിനോട് ഇക്കാര്യം പരിശോധിക്കാനും അവർക്ക് ചികിത്സാ സഹായം ചെയ്തു കൊടുക്കാനും നിർദ്ദേശം നൽകി. ഇതോടെ ഇരുവർക്കും സന്തോഷമായി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മന്ത്രിയ്ക്കായി കൊണ്ടുവന്ന ലഡു മന്ത്രി ഇരുവർക്കും നൽകി.
സർക്കാരിന്റെ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികൃഷ്ണന് ചികിത്സാ സഹായം ലഭ്യമാക്കിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ അറിയിച്ചു. മുൻകൂറായി വാങ്ങിയ 40,000 രൂപയുൾപ്പെടെ റീഫണ്ട് ചെയ്ത് നൽകി. ഇതോടെ വലിയ ആശ്വാസമാണ് ആ കുടുംബത്തിന് ലഭിച്ചത്. അവർ മന്ത്രിക്ക് നന്ദിയറിയിച്ചു. സുഖം പ്രാപിച്ച രോഗിയെ ഡിസ്ചാർജ് ചെയ്തു. അങ്ങനെ സങ്കടത്തോടെ വന്നവർ സന്തോഷത്തോടെ യാത്രയായി.