ജില്ലാ ആശുപത്രിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് 57 കോടിയുടെ ടെണ്ടറായി

ഭക്ഷണം രുചികരമെന്നതുപോലെ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷണം കഴിച്ചിട്ട് ആരോഗ്യമില്ലാതാകുന്ന അവസ്ഥയാണ് പുതിയ തലമുറയ്ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ജില്ലാ ആശുപത്രിയിൽ പുതിയ കാന്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഹാര ക്രമീകരണത്തിലൂടെ ഒട്ടെറെ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. രോഗത്തിന് ചികിത്സിക്കുന്നതിന് പകരം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് ചിന്തിക്കുന്നത്. അതിനുള്ള പ്രർത്തനങ്ങൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ടെന്നും ശൈലജ ടീച്ചർ അറിയിച്ചു.

76 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ജില്ലാ ആശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയിരിക്കുന്നതെന്നും അതിന്റെ ഒന്നാം ഘട്ടമായി 57 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ടെണ്ടറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ കക്ഷി, ജാതി, മത ഭേദമന്യേയുള്ള പ്രവർത്തനം ആശുപത്രിയുടെ മികച്ച പ്രവർത്തനത്തിന് ആവശ്യമാണ്. ജില്ലാ ആശുപത്രി മാതൃകാ ആശുപത്രിയായി മാറുകയാണ്. 57 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖഛായ തന്നെ മാറും.
ആശുപത്രിയിലെത്തുന്നവർക്ക് എങ്ങനെ ആരോഗ്യ പൂർണമായ ആഹാരം നൽകാം എന്ന വിഷയത്തിൽ പരിശീലനം നൽകുമെന്നും ആരോഗ്യകരമായ ഭക്ഷണം സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യം കാന്റീനിലൂടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കാന്റീൻ എന്നും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കണമെന്ന ഉപദേശവും മന്ത്രി നൽകി.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ, കണ്ണൂർ കൺടോൺമെന്റ് വൈസ് പ്രസിഡന്റ് കേണൽ പി പത്മനാഭൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് വി കെ രാജീവൻ, ജില്ലാ ഹോസ്പിറ്റൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് കാന്റീൻ സൊസൈറ്റി പ്രസിഡന്റ് പി അശോകൻ, വിവിധ സർവീസ് സംഘടന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.