സ്‌ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം ; മന്ത്രി സജി ചെറിയാൻ
സ്‌ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം എന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി , വനിതാ സംവരണ ബില്ല് എന്ന വിഷയം ആസ്‌പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാക്ഷരത, ജനകീയാസൂത്രണം, തദ്ദേശസ്ഥാപനങ്ങളിൽ പകുതി സംവരണം, കുടുംബശ്രീ, ഹരിതസേന തുടങ്ങിയ ആശയങ്ങൾ നമ്മുടെ നാടിനെ വ്യത്യസ്‌തമാക്കിയെന്നും മന്ത്രി പറഞ്ഞു.
ഈ നിരയിലേക്കാണ് സാംസ്‌കാരിക വകുപ്പ് അവതരിപ്പിച്ച സമം പരിപാടി സ്ഥാനം പിടിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ സാമൂഹ്യനിലവാരം ഉയര്‍ത്തിപ്പിടിക്കുമ്പോഴും ലിംഗ നീതിയും തുല്യതയും നമുക്ക് സമ്പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സ്വയം വിമര്‍ശനമാണ് ഇത്തരത്തിലൊരു ബോധവത്ക്കരണ പരിപാടിയുമായി മുന്നോട്ട് പോകാൻ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ അധികാര സ്ഥലങ്ങളിലും നിയമനിർമാണ മേഖലകളിലും കലാസാംസ്കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലുമെല്ലാം സ്ത്രീകള്‍ക്ക് തടസങ്ങളോ വിവേചനമോ ഇല്ലാതെ കടന്നുവരുവാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വനിതാ സംവരണ ബിൽ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ . മാധ്യമപ്രവർത്തക ആർ. പാർവതീദേവി, സാമൂഹിക പ്രവർത്തക പ്രൊഫ. കുസുമം ജോസഫ്, കേരള സർവകലാശാല പൊളിറ്റിക്കൽ വിഭാഗം മുൻ മേധാവി ഡോ. ജോസഫ് ആന്റണി തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. ‘വനിതാ സംവരണ ബിൽ 2023 -പ്രായോഗികമോ ‘ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംവാദവും സംഘടിപ്പിച്ചു. ചടങ്ങിൽ വനിതാ പ്രതിഭകളെ ആദരിച്ചു. പുഷ്പവതി പൊയ്പ്പാടത്തിന്റെ സംഗീത പരിപാടിയും അരങ്ങേറി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വി. കെ. പ്രശാന്ത് എം.എൽ. എ അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, സമം ചെയർപേഴ്സൺ സുജ സൂസൻ ജോർജ്, സർവ്വ വിജ്ഞാന കോശം ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.