ലഹരി മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കും
-മന്ത്രി ടി.പി. രാമകൃഷ്ണന്‍
 
ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കുമെതിരായ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായ ലഹരി മോചനകേന്ദ്രം നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 700 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി. ലഹരി മാഫിയയുടെ വേരറുക്കാനുള്ള  പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച്ചയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി വസ്തുക്കള്‍  വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ അതത് മേഖലകളിലെ ജനങ്ങളും സഹകരിക്കണം.
ഒരു കുട്ടിപോലും ഇത്തരം സംഘങ്ങളുടെ വലയില്‍ പെടില്ലെന്ന് ഉറപ്പാക്കാനുള്ള ശക്തമായ നിരീക്ഷണം   പൊതുസമൂഹത്തില്‍നിന്നുണ്ടാകണം. എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം ബഹുജനപിന്തുണയോടെ വിപുലമായ ബോധവത്കരണപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വിമുക്തിയുടെ ഭാഗമായ 14 ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ആദ്യത്തേതാണിത്. ലഹരിക്ക് അടിമകളായവരെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക്  കൊണ്ടുവരാനുള്ള എല്ലാ സംവിധാനങ്ങളും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കേന്ദ്രങ്ങളിലുണ്ടാകും.  എല്ലാ ജില്ലയിലും ഓരോ സര്‍ക്കാര്‍ ആശുപത്രിയില്‍ വീതം ആരംഭിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ലഹരിമുക്ത കേരളത്തിലേക്കുള്ള പ്രയാണത്തിലെ പ്രധാന ചുവടുവയ്പ്പാണ്-മന്ത്രി പറഞ്ഞു.
ജി. എസ്. ജയലാല്‍ എം. എല്‍. എ  അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. വിശിഷ്ടാതിഥിയായി.  പരവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. പി. കുറുപ്പ് താക്കോല്‍ദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തി.
എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിംഗ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത,  സബ് കലക്ടര്‍ ഡോ.  എസ്. ചിത്ര,  ജില്ലാ പഞ്ചായത്ത് അംഗം എന്‍. രവീന്ദ്രന്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രേമചന്ദ്രനാശാന്‍, ജോയിന്റ് എക്സൈസ് കമ്മിഷണര്‍ കെ. എ. ജോസഫ്, ഡി.എം.ഒ ഡോ. വി.വി. ഷേര്‍ളി, ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ വി. അംബികാദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വൈ. എബ്രഹാം അശോക്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ജി. മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.