പ്രോഡക്ട് ഡിസൈന്‍ രംഗത്ത് സംസ്ഥാനത്തെ ഏക നൈപുണ്യവികസന സ്ഥാപനമായ കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ സഹകരണത്തോടെയാണ് വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2018ലെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്ത ബജറ്റില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഒമ്പതുകോടി രൂപ വകയിരുത്താനാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും.
കുടുംബശ്രീ കൂട്ടായ്മകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗകര്യമുണ്ട്. ഇവിടെ പരിശീലനം നേടി കരകൗശല ഉത്പന്ന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അന്തര്‍ദേശീയ മേളകളില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈ എടുക്കണം.
ആധുനിക തൊഴില്‍മേഖലകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് യുവ തലമുറയുടെ അറിവും നൈപുണ്യവും വികസിപ്പിക്കാന്‍ ഉപകരിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. പുതിയ തൊഴില്‍ മേഖലകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അതിനൊത്ത് കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ യുവജനങ്ങള്‍ പരിശ്രമിക്കണം-മന്ത്രി നിര്‍ദേശിച്ചു.
മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അവാര്‍ഡുകള്‍ സമ്മാനിച്ചു. യുവതലമുറയ്ക്ക് നവീന തൊഴില്‍ മേഖലകളില്‍ മികവു നേടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാഠ്യപദ്ധതി സഹായകമാണെന്ന് മന്ത്രി പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, കെ.എസ്.ഐ.ഡി. എക്‌സി.ഡയറക്ടര്‍ സി. പ്രതാപ് മോഹന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.