സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടു ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് കോഴ്സായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാ മിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്‌സിന്റെ പരിഷ്‌കരണം.60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ ക്ലാസുകള്‍.
അടിസ്ഥാനകോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. വിശദവിവരങ്ങള്‍ക്ക് +91 95264 13455, 9947528616 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.