കണിമംഗലം മുതൽ പനമുക്ക് വരെ ബിഎം- ബിസി നിലവാരത്തിൽ നവീകരിച്ച റോഡ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. 26 ദിവസം കൊണ്ട് കോർപ്പറേഷൻ ഫണ്ട് 2.5 കോടി രൂപ ചെലവഴിച്ച് ആദ്യ ഘട്ടത്തിൽ കണിമംഗലം മുതൽ സംഗമം സെൻ്റർ വരെയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

തുടങ്ങി വെച്ച പദ്ധതികളായ നെടുപുഴ മേൽപ്പാലം നിർമ്മാണം, വലിയാലയ്ക്കൽ നിന്ന് മദാമതോപ്പ് വഴി പടിഞ്ഞാറെ കോട്ട പോകുന്ന റോഡ് തുടങ്ങിയ പാതകൾ നവീകരിക്കുന്നത്തോടെ മനോഹരമായ റോഡുകളുടെ പ്രധാന കേന്ദ്രമായി പ്രദേശം മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രം വിഹിതം കിട്ടാത്ത സാഹചര്യത്തിലും കുടിവെള്ളം, പൊതു ഗതാഗതം, വൈദ്യുതി നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖലക്ക് വേണ്ടി ഫണ്ട് കണ്ടെത്തി മാതൃകയായി മികവോടെ പ്രവർത്തിക്കുന്ന തൃശൂർ കോർപ്പറേഷനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച കരാറുകാരൻ ജോൺസനെ മന്ത്രി ആദരിച്ചു. രണ്ടാം ഘട്ടത്തിലെ നിർമ്മാണ പ്രവൃത്തിയായ സംഗമം സെൻ്റർ മുതൽ വട്ടപിന്നി വരെയുള്ള നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തികരിച്ചതും അറിയിച്ചു.

കണിമംഗലത്ത് നടന്ന ചടങ്ങിൽ മേയർ എം. കെ. വർഗ്ഗീസ് അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ പെരിഞ്ചേരി, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. ഷാജൻ, വാർഡ് കൗൺസിലർ എ. ആർ. രാഹുൽനാഥ്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 43-ാം ഡിവിഷനിൽ കായികത്തിലും പഠനത്തിലും മികവ് തെളിയിച്ച് ഉന്നത നേട്ടം കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.