കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒ.പി. കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. ആരോഗ്യമേഖലയിലെ ഒരു വികസന പ്രവർത്തനങ്ങളിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന രാജ്യങ്ങളെക്കാൾ മുൻപന്തിയിൽ എത്തിയ ചരിത്രമാണ് ആരോഗ്യമേഖലയിൽ കേരളത്തിലുള്ളത്. കൂർക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ
കിടത്തി ചികിത്സ അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ഭാവിയിൽ പരിഗണിക്കുമെന്നും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ ഉപകരണങ്ങൾക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർദ്രം മിഷൻ്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒപി കെട്ടിടം നിർമ്മിച്ചത്. ലാബ്, ഫാർമസി, ഒബ്‌സർവെഷൻ റൂം, ഇ.സി.ജി. റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിരിക്കുന്നത്.കോർപ്പറേഷൻ്റെ 186-ാമത്തെ കർമ്മപദ്ധതിയാണിത്.
കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ഡിവിഷൻ കൗൺസിലർ രാഹുൽനാഥ്, മറ്റ് കൗൺസിലർമാരായ ലിംനാ മനോജ്, വിനീഷ് തയ്യിൽ, എബി വർഗീസ്, എച്ച് എം സി മെമ്പർ എംഡി ഷംസുദ്ദീൻ, മെഡിക്കൽ ഓഫീസർ അജിത വി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, എച്ച്.എം.സി. അംഗങ്ങൾ, ആശാവർക്കർമാർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.