തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവ്വഹിച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭത്തിനായുള്ള തയ്യൽ മെഷീനുകളുടെ വിതരണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. 46 വനിതകൾക്കാണ് സ്വയംതൊഴിൽ സംരംഭം ആരംഭിക്കാനായി തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അടക്കം സബ്സിഡിയിലൂടെ ലഭ്യമാക്കുന്നത്. 12.46 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അടക്കം 40,000 രൂപയാണ് ഒരാൾക്ക് ചിലവാകുന്നത്. ഇതിൽ 65 ശതമാനം സബ്സിഡിയോട് കൂടി 27,000 രൂപയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. ആദ്യഘട്ടത്തിൽ 29 പേർക്ക് തയ്യൽമെഷീനുകൾ വിതരണം ചെയ്തു.
പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഇ.ടി ജലജൻ, മെമ്പർമാരായ സ്വപ്ന സുരേഷ്, രേഷ്മ സജീഷ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വി.ഒ ലാലി ഘോഷ്, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.