• ഏഴു നിലകളിലായി 277.7 കോടിയുടെ അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്
  • 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിവസമാണിന്നെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ മെഡിക്കല്‍ – വിദ്യാഭ്യാസ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ ഒരേസമയം ഒട്ടനേകം പ്രോജക്ടുകള്‍ അമ്മയും കുഞ്ഞും ആശുപത്രിയിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, ഡെന്റല്‍ കോളേജ് കെട്ടിടം എന്നീ പ്രധാനപ്പെട്ട രണ്ട് പദ്ധതികള്‍ ഉള്‍പ്പെടെ 606.46 കോടി രൂപയുടെ പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരേസമയം ഇത്രയും വലിയ തുകയ്ക്ക് ഒരുപാട് പ്രോജക്ടുകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത് ഏറെ അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവ് വരുന്ന അപൂര്‍വ്വ ശ്വാസകോശ ശാസ്ത്രക്രിയ തികച്ചും സൗജന്യമായി നടത്തി ചികിത്സാരംഗത്ത് പുതിയ ഒരു ചരിത്രം കൂടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കൈവരിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മെഡിക്കല്‍ രംഗത്ത് കിഫ്ബി വഴി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യം മേഖലയില്‍ കേരളം ഒന്നാമതായി മുന്നേറുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് ആരംഭിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പഞ്ചായത്ത്തലം മുതല്‍ സംസ്ഥാനതലം വരെ ആരോഗ്യമേഖലയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കി. ആരോഗ്യ മേഖലയില്‍ മാത്രം കിഫ് ബി യില്‍ നിന്ന് 8600 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരുപാട് ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജിലെ അമ്മയും കുഞ്ഞും ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടി മെച്ചപ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് ഇന്ന് യാഥാര്‍ത്ഥ്യമായിട്ടുള്ളത്. രണ്ടുവര്‍ഷത്തിനുള്ളില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ മുഖച്ഛായ മാറാന്‍പോവുകയാണ്. ഇപ്പോഴുള്ള മെഡിക്കല്‍ കോളേജിന്റെ രണ്ട് ഇരട്ടി വലിപ്പമുള്ള സ്ഥലസൗകര്യമുള്ള മെഡിക്കല്‍ കോളേജായി മാറാന്‍ പോവുകയാണ്. സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് സാധ്യമാകുന്നത് പോലെ കാര്‍ഡിയോളജി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി ട്രാന്‍സ് പ്ലാന്റ് സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ വികസനത്തിന് സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഘട്ടം ഘട്ടമായാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മെഡിക്കല്‍ കോളേജുകളിലൊന്നായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മാറി എന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ ആംബുലന്‍സും 25 ഐ.സി.യു ബഡ്ഡുകളും എല്‍.ഐ.സി എച്ച്.എഫ്.എല്‍ റീജിയണല്‍ മാനേജര്‍ പി.വി ശശീന്ദ്രനില്‍നിന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികളും 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികളുമാണ് ഒരുങ്ങുന്നത്. 279.19 കോടി ചെലവഴിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, 285.54 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, 36.73 കോടിയുടെ ഗവ. ദന്തല്‍ കോളേജ് കെട്ടിടം രണ്ടാംഘട്ട നിര്‍മ്മാണം, 5 കോടിയുടെ ഐസൊലേഷന്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.

ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. ഷീബ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ദേവസ്സി, ജില്ലാപഞ്ചായത്ത് മെമ്പര്‍ ലിനി ടീച്ചര്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി ബിജു, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ.കെ ശൈലജ, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തൃശ്ശൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എം ഷമീന, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. എം. രാധിക, ജി.എം.സി.സി.എച്ച് സൂപ്രണ്ട് ഡോ. ഷഹ്ന എ. ഖാദര്‍, കിഫ്ബി പ്രതിനിധി ഡോ. സി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.