ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്രയുടെ ഭാഗമായി ടാലന്റ് ഹണ്ട് പ്രതിഭാ പരിപോഷണ പരിപാടി ജില്ലയില് തുടങ്ങി. കല്പ്പറ്റ എസ്.കെ എം.ജെ ഹയര് സെക്കന്ഡറി സ്‌കൂളില് അഡ്വ. ടി. സിദ്ധീഖ് എം.എല്.എ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഠനത്തോടൊപ്പം കുട്ടികളുടെ കലാ-കായിക-സാഹിത്യ കഴിവുകളെ പ്രോത്സാഹിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വിദ്യാഭ്യാസ ഉപജില്ലയിലെയും പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസില് പഠിക്കുന്ന തിരഞ്ഞെടുക്കുന്ന 150 കുട്ടികള്ക്ക് വിവിധ വിഷയങ്ങളില് പ്രതിഭാ പരിപോഷണ പ്രവര്ത്തനങ്ങള് നടത്തും. വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തില് മൂന്ന് വര്ഷം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടികള്ക്കാണ് തുടക്കമാവുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് അധ്യക്ഷനായ പരിപാടിയില് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുഹമ്മദ് ബഷീര്, ഉഷാ തമ്പി, ജുനൈദ് കൈപ്പാണി, വാര്ഡ് അംഗം സിന്ധു ശ്രീധരന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര് പി.എ ശശീന്ദ്ര വ്യാസ്, ക്ലബ് അസോസിയേഷന് സെക്രട്ടറിമാരായ കെ. രാജേഷ്, ബി. ബിനേഷ്, ജി.സി വനജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന് ചാര്ജ് എ.കെ സുനില എന്നിവര് സംസാരിച്ചു. കണ്ണൂര് ആര്.വി.എച്ച്.എസ് എസ് ഹെഡ്മാസ്റ്റര് പ്രദീപ് കിനാത്തി ശാസ്ത്ര ക്ലാസ് എടുത്തു.