ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് മന്ത്രി ആര്‍.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു
ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ ശാക്തീകരണത്തിനും പുനരധിവാസത്തിനുമായി വിവിധങ്ങളായ പദ്ധതികളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന് കാസര്‍കോട് ജില്ലയില്‍ പുതിയതായി ആരംഭിച്ച ഓഫീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏജന്‍സിയാണ് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസും എറണാകുളത്തും കോഴിക്കോടുമുള്ള മറ്റ് രണ്ട് ഓഫീസുകളും മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ ജില്ലകളിലും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ ഓഫീസ് എന്ന ലക്ഷ്യം ആദ്യം നടപ്പിലാക്കുന്നത് കാസര്‍കോട് ജില്ലയിലാണെന്നും അത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങള്‍ നല്‍കിയ ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനായി ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ മാതൃകയില്‍ സ്വയംസഹായ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുമെന്നും മനുഷ്യജീവിതത്തിന് സാധ്യമായ എല്ലാ കര്‍മ്മ മേഖലകളിലും ഭിന്നശേഷിക്കാരെയും എത്തിച്ച് സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പുനരധിവാസ ഗ്രാമം ഉള്‍പ്പെടെ സംസ്ഥാനത്താകെ പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാരുടെ ഭൗതിക, മാനസിക, നൈപുണ്യ വികസനത്തിനും ഉപജീവനത്തിനുമെല്ലാം സൗകര്യം നല്‍കുന്ന കേന്ദ്രങ്ങളായി അത് വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷന്‍ ഷിനോജ് ചാക്കോ, സിവില്‍ സ്റ്റേഷന്‍ ഡിവിഷൻ മെമ്പര്‍ ജാസ്മിന്‍ കബീര്‍, ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഗിരീഷ് കീര്‍ത്തി, ഒ.വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ്, ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മനോജ്കുമാര്‍ അക്കോട്ടില്ലം എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേര്‍സണ്‍ അഡ്വ.എം.വി.ജയഡാളി സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ് നന്ദിയും പറഞ്ഞു.