കര്‍ഷകര്‍ക്ക് പി.ആര്‍.സ്. സംവിധാനം വഴി നിശ്ചിത സമയത്തിനുള്ള പണം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഈ വിഷയത്തില്‍ കഴിഞ്ഞ തവണ ബാങ്കുകള്‍ സ്വീകരിച്ച അങ്ങേയറ്റം നിഷേധാത്മകമായ സമീപനം ഇനി അനുവദിക്കുകയില്ല. കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് റാണി കായല്‍ നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കര്‍ഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സര്‍ക്കാര്‍ സഹകരിക്കില്ല. പി.ആര്‍.എസ് വഴി നെല്ലിന്റെ വില ഏറ്റവും പെട്ടന്ന് കിട്ടാനുള്ള നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. പണം ലഭ്യമാക്കുന്നതില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ബാങ്കുകള്‍ എടുത്ത സമീപനങ്ങള്‍ കുട്ടനാട്ടില്‍ ചില പ്രതിസന്ധികള്‍ക്ക് കാരണമായി. കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന എല്ല സാധ്യതകളും പ്രയോജനപ്പെടുത്തും.

നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഉത്പാദനത്തില്‍ റാണി കായല്‍ കുട്ടനാട്ടില്‍ മുന്‍പന്തിയിലാണ്. ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്ന കുട്ടനാടന്‍ മണ്ണ് എല്ലാകാലത്തും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

തോമസ് കെ. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ കെ.എ പ്രമോദ്, പഞ്ചായത്ത് അംഗം എ.ഡി. ആന്റണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അനില്‍ കുമാര്‍, റാണി കായല്‍ പ്രസിഡന്റ് വി.പി. ചിദംബരന്‍, ചിത്തിര കായല്‍ പ്രസിഡന്റ് ജോസഫ് ചാക്കോ, പാടശേഖര സമിതി സെക്രട്ടറി എ.ഡി. കുഞ്ഞച്ചന്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.