ഇലക്ട്രിസിറ്റി ആക്ട് 2003ലെ സെക്ഷൻ 50 പ്രകാരം വൈദ്യുതി ചാർജുകൾ പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ, വിവിധ ചാർജുകൾ അടയ്ക്കുന്നതിനുള്ള ഇടവേളകൾ, വൈദ്യുതി വിച്ഛേദിക്കൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളുടെ നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്ന കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ജനുവരി 31, 2014ൽ കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കോഡ് 2015, 2016, 2017, 2020 വർഷങ്ങളിൽ ഭേദഗതി ചെയ്തിട്ടുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്ട്രിസിറ്റി (റൈറ്റ്സ് ഓഫ് കൺസ്യൂമേഴ്സ്) റൂൾസ്, 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ റൂൾസിന്റെയും ഉപഭോക്താക്കളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ (അഞ്ചാം ഭേദഗതി) കോഡ്, 2024ന്റെ കരട് ജനുവരി 17, 2024 കമ്മീഷന്റെ വെബ്സൈറ്റിൽ (www.erc.kerala.org) ലഭ്യമാണ്. ഇതു സംബന്ധിച്ചിട്ടുള്ള പൊതുതെളിവെടുപ്പ് മാർച്ച് 19ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11ന് നടത്തും.

പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 18ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org ൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ് വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ മാർച്ച് 19ന് വൈകിട്ട് 5 വരെ സ്വീകരിക്കും.