സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയോട് ചേർന്ന് ഓപ്പൺ ജിമ്മും പാർക്കും ഒരുങ്ങുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

കാലടി- മഞ്ഞപ്ര റോഡിൽ മാണിക്യമംഗലം തുറയോട് ചേർന്ന സ്ഥലത്ത് ഓപ്പൺ ജിമ്മിന്റെയും പാർക്കിന്റെയും നിർമ്മാണം ആരംഭിച്ചു. വാക്ക് വേ, ഓപ്പൺ ജിം, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ, ടോയ്ലറ്റ് ബ്ലോക്ക്, പ്രാദേശിക സൗന്ദര്യവൽക്കരണം, ലൈറ്റിംഗ് സംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. പ്രാദേശികമായി ടൂറിസം സാധ്യതകൾ വളർത്തിയെടുക്കുക, ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ഫണ്ട്, റോജി എം ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ,കാലടി ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.കാലടി-മഞ്ഞപ്ര റോഡിന് അരികിലുള്ള മാണിക്യമംഗലം തുറയുടെ വികസനം എന്ന പ്രദേശവാസികളുടെ നിരവധി കാലമായ ആവശ്യമാണ് പദ്ധതി പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകുന്നത്.