ഭൂരേഖകൾ വരും തലമുറയ്ക്ക് കൈമാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി കെ രാജൻ
സംസ്ഥാനത്തെ ഭൂമിയുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് രേഖകൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൂവിവരങ്ങളും, പുരാതന സർവ്വെ രേഖകളും, സർവ്വെ ഉപകരണങ്ങളും വരും തലമുറയ്ക്കായി കേടുകൂടാതെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് റവന്യു ഭവന നിർമാണ, സർവേ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സർവേ ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ സർവ്വെ മ്യൂസിയത്തിന്റെയും സെൻട്രൽ സർവ്വെ ഓഫീസിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിവിധ സർവ്വെ ഓഫീസുകളിൽ പുരാതനവും അമൂല്യവുമായ സർവ്വെ രേഖകളുടേയും സർവ്വെ ഉപകരണങ്ങളുടേയും വലിയ ശേഖരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇത്തരം രേഖകൾ സംരക്ഷിച്ച് പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനും സർവ്വെയും ഭൂരേഖയും വകുപ്പ് ഒരു ബൃഹത് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. ആയതിലേക്ക് 36,000 ചതുരശ്ര അടി വിസ്തൃതിയിൽ സർവ്വെ മ്യൂസിയത്തിന്റെയും സെൻട്രൽ സർവ്വെ ഓഫീസിന്റെയും നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുകയാണ്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനമെമ്പാടും ഭൂസർവ്വെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുവർഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റൽ സർവ്വേ പദ്ധതി.
അത്യാധുനിക സർവേ ഉപകരണങ്ങളായ റിയൽ ടൈം കൈനറ്റിക് റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ടാബ്ലറ്റ് പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന ജിപിഎസ് നെറ്റ്വർക്കിന്റെ പരിധിക്കുള്ളിൽ പ്രവർത്തിപ്പിച്ച് ഏകീകൃതമായാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.
സംസ്ഥാനത്ത് റീസർവേ നടപടികൾ 1966 ൽ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വർഷത്തോളം പിന്നിട്ടിട്ടും റീസർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിച്ചത്.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷിയേറ്റീവിൽ നിന്നും സർവെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്. പരാതികളില്ലാതെ സുതാര്യമായി ഡിജിറ്റൽ സേവനങ്ങളിലൂടെ വേഗതയിൽ പൊതുജനങ്ങൾക്കാവശ്യമായ രേഖകൾ നൽകാൻ കഴിയുന്ന തലത്തിലേക്ക് സർവ്വേ വകുപ്പ് ഉയർന്നു. ഈ നേട്ടത്തിന് കാരണക്കാരായ മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
വാർഡ് കൗൺസിലർ രാഖി രവികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, സർവ്വേ – ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ സംബന്ധിച്ചു.