ലോക്‌സഭ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും ചെലവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിരക്ക് ചാര്‍ട്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്‌റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകളെ കുറിച്ച് പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമുള്ള പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും എല്ലാ ചെലവുകളും നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി ഒരു ഷാഡോ രജിസ്റ്റർ തയ്യാറാക്കും. ചെലവ് നിരീക്ഷിക്കുന്നതിനായി എക്‌സ്‌പെന്റീച്ചര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍, ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ വ്യൂയിങ്ങ് ടീം, അക്കൗണ്ടിംഗ് ടീം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) ഡോ. ശീതള്‍ ജി മോഹന്‍, എക്‌സ്‌പെന്റീച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം ഗീരിഷ് (സി.പി.ഐ.എം), പി എം അബ്ദുറഹ്മാന്‍ (കോൺഗ്രസ്‌), പി കെ നാസര്‍ (സി.പി.ഐ), എം എ റസാഖ് മാസ്റ്റര്‍ (മുസ്‌ലിം ലീഗ്), ഹരിദാസ് (ബിജെപി), ഉണ്ണികൃഷ്ണന്‍ തിരൂളി (എ.എ.പി) തുടങ്ങിയവര്‍ പങ്കെടുത്തു.