ജില്ലയിലെ സി ഡി എസ്സുകൾക്ക് 26 കോടിയുടെ വായ്പ വിതരണം ചെയ്തു
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി വായ്പാ പദ്ധതികൾ അനുവദിക്കുന്ന ദേശീയ പോർട്ടലായ ‘പി.എം- സൂരജി’ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രദേശിക പരിപാടിയിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ആയുഷ്മാൻ കാർഡ് വിതരണവും സിഡിഎസ്സുകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പയും വിതരണം ചെയ്തു.
ജില്ലയിലെ 11 സി ഡി എസ്സുകൾക്കായി 26 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 4500 ഓളം അയൽക്കൂട്ട അംഗങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാവും. ഒരു അയൽക്കൂട്ട അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവും. 11 പേർക്ക് ആയുഷ്മാൻ കാർഡും ജില്ലാ കലക്ടർ വിതരണം ചെയ്തു.
പരിപാടിയിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സ്പെഷ്യൽ ഓഫീസർ ഹരീഷ് സതി, എ ഡി എം അജീഷ് കെ, സിആർസി ഡയറക്ടർ റോഷൻ ബിജ്‌ലി, കെ എസ് ബി സി ഡി സി അസിസ്റ്റന്റ് ജനറൽ മാനേജർ സി ആർ ബിന്ദു, ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
പോർട്ടൽ ഉദ്ഘാടനത്തോടൊപ്പം എസ്.സി, ഒ.ബി.സി, സഫായി കർമചാരി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു ലക്ഷം ലോൺ അനുവദിക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആയുഷ്മാൻ ഹെൽത്ത് കാർഡ്, പി.പി.ഇ കിറ്റ് വിതരണം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിവിധ വായ്പാ പദ്ധതികൾ ലഭ്യമാക്കി അവരുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക ഉന്നമനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിക്കിടെ ഗുണഭോക്താക്കളിൽ ഏതാനും പേരുമായി പ്രധാനമന്ത്രി സംവദിച്ചു.