മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും നടന്ന ഹരിത ഓഡിറ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

പുതുശ്ശേരി, പുതുപ്പരിയാരം, കൊടുമ്പ്, മലമ്പുഴ, അകത്തേത്തറ, മരുതറോഡ് ഗ്രാമപഞ്ചായത്തുകളിലെ 30 സ്ഥാപനങ്ങള്‍ക്കാണ് ഹരിത കേരള മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശുചിത്വ മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ പി.വി സഹദേവന്‍ ഓഫീസ് ഗ്രേഡിങ് നിലനിര്‍ത്തുന്നതിനാവശ്യമായ തുടര്‍നടപടികള്‍ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. ഇന്ദിര അധ്യക്ഷയായ പരിപാടിയില്‍ പുതുപ്പരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍ ബിന്ദു, സുനിത അനന്തകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സദാശിവന്‍, ഹരിത കേരളം ബ്ലോക്ക്  കോ-ഓര്‍ഡിനേറ്റര്‍ ആതിര, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പ്രദീപ്, സ്ഥാപന മേധാവികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.