തൃത്താല മണ്ഡലത്തിന്റെ പല മേഖലകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന മണ്ഡലത്തിലെ പതിനഞ്ചോളം പ്രദേശങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതായും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളം എത്തുന്ന ഇടവേള കുറയ്ക്കുന്നതിന് ക്രമീകരണമുണ്ടാകും. ഭാരതപ്പുഴയില്‍ നിന്ന് പ്രതിദിനം 3.3 കോടി ലിറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍മൂലം നിലവില്‍ 2.8 കോടി ലിറ്ററാണ് ശരാശരി ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുന്നത്. ഇത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.
കുടിവെള്ള വിതരണത്തെ ബാധിക്കുന്ന വൈദ്യുത തടസം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രശ്നം പരിഹരിക്കുന്നതോടെ ജലവിതരണം കാര്യക്ഷമമാക്കാനാകും. 54 കോടി വീതമുള്ള ടെന്‍ഡര്‍ ഘട്ടത്തിലുള്ള തൃത്താല, പട്ടിത്തറ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൊതുമരാമത്ത് വകുപ്പുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പി.ഡബ്ല്യൂ.ഡി സൂപ്രണ്ട് എന്‍ജിനീയര്‍ എസ്. ദീപു, തൃശ്ശൂര്‍ ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.എന്‍ സുരേന്ദ്രന്‍, തൃശ്ശൂര്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.എസ് സുമ, ഷൊര്‍ണൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ജയപ്രകാശ്, പട്ടാമ്പി കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി സുരേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.