ഏലൂർ ആയുർവേദ ഡിസ്പെൻസറിയെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി ഉയർത്തി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി 2023-24 വർഷത്തിൽ സംസ്ഥാനത്ത് അധികമായി അനുവദിച്ച 100 ഗവൺമെൻറ് ആയുഷ് ഡിസ്പെൻസറികൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഏലൂർ നഗരസഭയിലെ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെൽനസ് സെൻറാക്കി ഉയർത്തിയത്.
അപ്ഗ്രേഡ് ചെയ്തതിന്റെ ഭാഗമായി തെറാപ്പി യോഗപരിപാടികൾക്ക് സ്ഥിരം പരിശീലകരെ നിയമിക്കുകയും ഡിസ്പെൻസറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് അധിക ജീവനക്കാരെ നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ അറിയിച്ചു.
ഏലൂർ മാടപ്പാട്ട് പ്രദേശത്ത്, കിഴക്കുംഭാഗം കുറ്റിക്കാട്ടുകരയിൽ ഹിൻഡാൽകോ കമ്പനിക്ക് സമീപം എന്നിവിടങ്ങളിലായി നിലവിൽ രണ്ട് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകൾ ഏലൂരിൽ പ്രവർത്തിക്കുന്നുണ്ട്.
നഗരങ്ങളിൽ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ പ്രാഥമികാരോഗ്യ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ആരോഗ്യ മേഖലയിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻ്ററുകൾ ആരംഭിക്കുന്നത്.