പീച്ചി ഗവ.എല്‍.പി.സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായുള്ള രണ്ടു കോടി രൂപയുടെ ഭരണാനുമതി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടെസ്സി ബാബു പിടിഎ പ്രസിഡന്റ് ലിമേഷ് മാത്യു എന്നിവര്‍ക്ക് കൈമാറി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ പരിപാടിയില്‍ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ രമേശ്, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഷാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മഞ്ജുഷ തുടങ്ങിയവര്‍ പങ്കെടുത്തു.
മൂന്നാം തവണയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി തുക ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ, സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെ 1.53 കോടി രൂപ മുന്‍പ് ലഭിച്ചിരുന്നു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് മൂന്നാമതായും തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ഇതുവരെ പീച്ചി ഗവ. എല്‍.പി സ്‌കൂളിനായി സര്‍ക്കാര്‍ 4.53 കോടി രൂപയാണ് ലഭ്യമാക്കിയത്.