ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില് നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന് ആന്ഡ് ഇലക്ട്രല് പാര്ട്ടിസിപ്പേഷന്)പ്രചാരണാര്ഥം സംഘടിപ്പിക്കുന്ന വിഐപി (വോട്ട് ഈസ് പവര്) ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ ക്യാമ്പയിൻ എച്ചിപ്പാറ പട്ടികവർഗ്ഗ കോളനിയിൽ സംഘടിപ്പിച്ചു.

ഊരിലെ എല്ലാ വോട്ടർമാരോടും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് അവകാശം വിനിയോഗിക്കണമെന്നും വോട്ട് പ്രധാന ഉത്തരവാദിത്വമാണെന്നും മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സബ് കളക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

ചടങ്ങിൽ ഊര് മൂപ്പൻ രത്നൻ, കോളനിയിലെ മുതിർന്ന വോട്ടറായ പാറു എന്നിവർക്ക് ആദരവ് നൽകി. വോട്ടവകാശ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രദീപ് പൂലാനിയുടെ ചാക്യാർകൂത്ത് അവതരണവും നടന്നു.വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് തീരദേശം, വനപ്രദേശം, ട്രാൻസ്ജെൻഡർ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. എച്ചിപ്പാറ വനിതാ സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പയിനിൽ വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി, ചിമ്മിനി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. ആർ. വീരേന്ദ്രകുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.