മലപ്പുറം ജില്ലയിലെ ജലയാത്രകൾ സുരക്ഷിതമാക്കാൻ പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. സുരക്ഷിതമല്ലാത്ത യാത്രായാനങ്ങളും അശ്രദ്ധയും മൂലവുമാണ് ബോട്ട് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതെന്നും മനുഷ്യനിർമിതമായ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.

ബോട്ട് അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്താനുമായി പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും ബോട്ട് സുരക്ഷാ പരിശോധനക്കായി കമ്മിറ്റി രൂപീകരിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല ഉപദേശക സമിതിയില്‍  ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഫയർ ഓഫീസർ,  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കൂടാതെ സുരക്ഷിത ജലയാത്രയ്ക്കായി ആറംഗ ബോട്ട് സുരക്ഷാ പ്രാദേശിക പരിശോധനാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

തഹസിർദാർ/ഡെപ്യൂട്ടി തഹസിൽദാർ (ദുരന്തനിവാരണ വിഭാഗം),  സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്.ഒ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ, പോർട്ട് കൺസർവേറ്റർ, പൊന്നാനി/പോർട്ട് കൺസർവേറ്റർ ചുമതലപ്പെടുത്തുന്ന വ്യക്തി, ഡി.ടി.പി.സി സെക്രട്ടറി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് പ്രാദേശിക സുരക്ഷാ പരിശോധനാ കമ്മിറ്റിയിലെ അംഗങ്ങൾ.

ബോട്ട് ഉടമസ്ഥൻ പാലിക്കേണ്ട നിർദേശങ്ങൾ

1. രജിസ്‌ട്രേഷൻ-വാർഷിക സർവ്വേ സർട്ടിഫിക്കറ്റ് എന്നിവയുള്ള ബോട്ടുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇവയുടെ കാലാവധി അവസാനിച്ചാൽ ബോട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല.
2. സർവ്വേ-രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബോട്ടിൽ പ്രദർശിപ്പിക്കണം
3. സർവ്വേ സർട്ടിഫിക്കറ്റിലുള്ള മുഴുവൻ അഗ്നിശമന ഉപകരണങ്ങളും ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം
4. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകൾ സൂര്യാസ്തമയത്തിനു ശേഷം പ്രവർത്തിപ്പിക്കരുത്.
5. പേഴ്‌സണൽ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി അവസാനിച്ചാൽ ബോട്ട് പ്രവർത്തിപ്പിക്കരുത്.
6. കാലാവസ്ഥ പ്രതികൂലമായാൽ ബോട്ട് പ്രവർത്തിപ്പിക്കരുത്.
7. യാത്രക്കാർക്ക് സുരക്ഷാസംബന്ധമായ ബോധവത്കരണം നടത്തണം.
8. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നൽകുകയും അവ ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം
9. അപ്പർ ഡെക്ക് അനുമതി ലഭിച്ച ബോട്ടുകളിൽ മുകളിലത്തെ നിലയിൽ അനുവദിനീയമായ യാത്രക്കാരെ മാത്രമേ കയറ്റുവാൻ അനുവദിക്കാവൂ. ബോട്ടിൽ കൂടുതൽ ആൾക്കാരെ കയറ്റരുത്.
10. ജീവൻ രക്ഷാ ഉപകരണങ്ങൾ ബോട്ടിൽ സൂക്ഷിക്കണം. ഇവ പ്രവർത്തനക്ഷമതയുള്ളതും കാലാവധി തീരാത്തതുമാണെന്ന് ഉറപ്പാക്കണം
11. ബോട്ടിന് രൂപമാറ്റം വരുത്താൻ പാടില്ല.
12. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
13. ബോട്ടിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം വ്യക്തമായി എഴുതി പ്രദർശിപ്പിക്കണം.
14. ജീവൻ രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന ചിത്രങ്ങളോടുകൂടിയ ബോർഡുകൾ ബോട്ടിൽ പ്രദർശിപ്പിക്കണം.
15. എമർജൻസി സർവീസുകളുടെ നമ്പറുകൾ ബോട്ടിൽ പ്രദർശിപ്പിക്കേണ്ടതാണ്.

യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ

1. ബോട്ടിൽ രജിസ്‌ട്രേഷൻ-സർവ്വേ സർട്ടിഫിക്കറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
2. ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം.
3. യാത്രക്കാർക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം പ്രവേശിക്കുക.
4. അപ്പർ ഡെക്കറുള്ള ബോട്ടുകളിൽ ബോട്ടിലെ ജീവനക്കാരുടെ നിർദ്ദേശം അനുസരിച്ച് മാത്രമേ അപ്പർ ഡെക്കിൽ പ്രവേശിക്കാവൂ.
5. അപകട സാധ്യത ഉണ്ടെന്ന് മനസ്സിലാക്കുന്ന സാഹചര്യത്തിൽ പരിഭ്രാന്തരാവുകയും ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
6. ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കുകയും ലൈഫ് ജാക്കറ്റ് ധരിക്കുകയും ചെയ്യുക.
7. അഗ്നി ബാധയുണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, പുകവലി ഒഴിവാക്കുക.
8. ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ചു ഉറപ്പുവരുത്തണം.
9. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാർ ബോട്ടിലുണ്ടെങ്കിൽ ജീവനക്കാരുടെയോ മറ്റു യാത്രക്കാരുടെയോ ശ്രദ്ധയിൽപ്പെടുത്തണം.
10. യാത്രക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം.
11. അപകടം ഉണ്ടാകുന്ന സ്‌ഫോടക വസ്തുക്കൾ കൈവശം വയ്ക്കരുത്.
12. സൂര്യാസ്തമയത്തിനു ശേഷം ഏതെങ്കിലും ബോട്ട് പ്രവർത്തിക്കുന്നത് കണ്ടാൽ അതിൽ യാത്ര നടത്തരുത്, വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
13. തിരക്കുള്ള സമയങ്ങളിൽ  ക്യൂ പാലിച്ചും ജീവനക്കാരുടെ നിർദ്ദേശങ്ങൾ അനുസരിച്ചും യാത്ര ചെയ്യണം.

ബോട്ടിലെ മാസ്റ്റർ/സ്രാങ്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ

1. ബോട്ട് സർവീസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ രജിസ്‌ട്രേഷൻ, സർവ്വേ, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾക്ക് കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, വാർഷിക സർവ്വേ സർട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൻ ബോട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല.
3. സർവ്വേ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബോട്ടിൽ പ്രദർശിപ്പിക്കണം.
4. സർവ്വേ സർട്ടിഫിക്കറ്റിൽ പ്രതിപാദിച്ചിരിക്കുന്ന മുഴുവൻ അഗ്‌നിശമന ഉപകരണങ്ങളും ബോട്ടിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം.
5. സൂര്യാസ്തമയത്തിനുശേഷം ബോട്ട് പ്രവർത്തിപ്പിക്കാൻ പാടില്ല.
6. ബോട്ട് സർവ്വീസ് സമയങ്ങളിൽ ബോട്ടിലെ ജീവനക്കാർ യാതൊരു കാരണവശാലും ലഹരി പദാർത്ഥങ്ങളോ, പുകയില ഉത്പന്നങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.
7. പേഴ്‌സണൽ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധി അവസാനിച്ചാൽ ബോട്ട് പ്രവർത്തിപ്പിക്കരുത്.
8. സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ട വിധം യാത്രക്കാർക്ക് വിശദീകരിക്കേണ്ടതാണ്.
9. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തിൽ ബോട്ട് പ്രവർത്തിപ്പിക്കരുത്.
10. യാത്രികർക്ക് സുരക്ഷാ സംബന്ധമായ ബോധവത്കരണം നടത്തേണ്ടതാണ്.
11. സർവീസ് ആരംഭിക്കുന്നതിനു മുൻപ് തന്നെ സർവ്വെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മിനിമം ജീവനക്കാർ ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം.
12. യാത്രക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം.
13. കൃത്യമായ ഇടവേളകളിൽ ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധനകൾ നടത്തണം.
14. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്.
15. സർവീസ് ആരംഭിക്കുന്നതിനു മുൻപ് നാവിഗേഷൻ ഉപകരണങ്ങൾ, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തണം.
16. എന്തെങ്കിലും അപകട സൂചന ലഭിക്കുകയോ അപകടം ഉണ്ടാവുകയോ ചെയ്താൽ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം.
17. എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചുവെന്ന് ഉറപ്പാക്കണം.
18. യാത്രക്കാരുടെ വിവരങ്ങൾ ബോട്ട് ജെട്ടിയിലും ബോട്ടിലും സൂക്ഷിക്കണം.
19. ടിക്കറ്റുകളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
20. ബോട്ടിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഉപകരണങ്ങളുടെ ലിസ്റ്റ് യാത്രക്കാർക്ക് കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം.

സുരക്ഷാ മാനദണ്ഡങ്ങൾ

1. ലൈഫ് ബോയ്
ഓരോ അഞ്ചു യാത്രക്കാർക്കും ഒരു ലൈഫ് ബോയ് എന്ന രീതിയിൽ ബോട്ടുകളിൽ ലൈഫ് ബോയ് ഉണ്ടായിരിക്കേണ്ടതാണ്.

2. ലൈഫ് ജാക്കറ്റ്
ബോട്ടിൽ അനുവദനീയമായ യാത്രകാർക്ക് ആനുപാതികമായി ലൈഫ് ജാക്കറ്റ്ഉണ്ടായിരിക്കേണ്ടതാണ്. സുരക്ഷിതമായ ബോട്ട് യാത്രയ്ക്കായി യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ യാത്രക്കാർക്കും ജാക്കറ്റ് നൽകേണ്ടതാണ്. എല്ലാ ജീവൻ രക്ഷാഉപകരണങ്ങളും കാലാവധി ഉള്ളവയാണെന്ന് ഉറപ്പാക്കണം

3. ഫസ്റ്റ് എയ്ഡ് ബോക്‌സ്
എല്ലാം ബോട്ടുകളിലും ഫസ്റ്റ് എയ്ഡ് ബോക്‌സുകൾ സൂക്ഷിക്കേണ്ടതും അത്യാവശ്യ സമയത്ത് അവ ഉപയോഗിക്കേണ്ടതുമാണ്.
4. ഫയർ സുരക്ഷ
ഉൾനാടൻ ജലഗതാഗതത്തിനായി ഉപയോഗിക്കുന്ന എല്ലാ ബോട്ടുകളിലും ഒരു വിവിധ ഉദ്ദേശ ഫയർ എസ്റ്റിങ്ഗുഷര്‍ എങ്കിലും ഉണ്ടാവേണ്ടതാണ്.

5. ആശയവിനിമയ സംവിധാനങ്ങൾ
അടിയന്തര സാഹചര്യത്തെ നേരിടുന്നതിനായി എല്ലാ ബോട്ട് ഓപ്പറേറ്റരുമാരുടെയും കൈവശവും അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ ഉണ്ടാകേണ്ടതാണ്. മൊബൈൽ ഫോണുകൾക്ക് റേഞ്ച് ലഭ്യമാകാത്ത സ്ഥലങ്ങളിലെ ബോട്ട് യാത്രകൾക്ക് നിർബന്ധമായും വി.എച്ച്.എഫ് ഉപകരണം ബോട്ട് ഓപ്പറേറ്റർമാർ കരുതേണ്ടതാണ്. അപകട സമയത്ത് ബന്ധപ്പെടേണ്ട ഓഫീസർമാരുടെയും മറ്റ് നമ്പറുകൾ ബോട്ടിൽ പ്രദർശിപ്പിക്കേണ്ടതാണ്.

6. ആങ്കറിങ്, മോറിങ്
ശക്തമായ കാറ്റിലും ഒഴുക്കിലും ബോട്ടിനെ പിടിച്ചു കെട്ടുന്ന ആങ്കർ സംവിധാനങ്ങൾ, കേബിൾ, റോപ്പുകൾ എന്നിവ ബോട്ടിൽ കരുതണം.

പൊതുവായ നിർദ്ദേശങ്ങൾ
1. ആഘോഷ ദിനങ്ങളിലും, അവധി ദിവസങ്ങളിലും, തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലും ബന്ധപ്പെട്ട സ്ഥലത്ത് ഒരു പോലീസുകാരെനെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സ്ഥലം എസ്.എച്ച്.ഒക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകേണ്ടതാണ്.
2. ബോട്ട് പ്രവർത്തിപ്പിക്കുന്ന ജീവനക്കാർക്കും, ബോട്ട് ഉടമകൾക്കും വർഷത്തിലൊരിക്കലെങ്കിലും ആവ്യമായ പരിശീലന/ബോധവത്കരണ ക്ലാസുകൾ നൽകുന്നതിനുള്ള നടപടി ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കേണ്ടതാണ്.
3. തിരക്കേറിയ സീസണുകളിൽ കോസ്റ്റൽ പോലീസിന്റെ പട്രോളിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.