ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ടിബി സെന്ററും സംയുക്തമായി നിർമ്മിച്ച ക്ഷയരോഗ ബോധവത്ക്കരണ സീരീസ് അനിമേഷൻ വീഡിയോയും പോസ്റ്ററും ജില്ലാ കളക്ടർ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ക്ഷയരോഗം തുടച്ചുനീക്കാൻ എല്ലാവരുടെയും സജീവ പങ്കാളിത്തം അത്യാവശ്യമാണെന്നും ആസ്പിരേഷണൽ ജില്ലയെന്ന നിലയിൽ ജില്ലയെ ക്ഷയരോഗ മുക്തമാക്കാൻ പരിശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
‘അതെ, നമുക്ക് ക്ഷയരോഗത്തെ അവസാനിപ്പിക്കാൻ കഴിയും’ എന്നതാണ് ലോക ക്ഷയരോഗ ദിനാചരണ സന്ദേശം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം ഫീൽഡ് തല പ്രവർത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധ,നിയന്ത്രണ പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകിയ ബത്തേരി താലൂക്ക് ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ എബ്രഹാം ജേക്കബിനെ യോഗത്തിൽ അനുമോദിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.പി ദിനീഷ്, ജില്ലാ ടി.ബി ഓഫീസർ ഡോ.ഷിജിൻ ജോൺ ആളൂർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.പി.എസ് സുഷമ, കൽപ്പറ്റ ടിബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. എം.എസ് ശുഭ, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ.എച്ച് സുലൈമാൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ സലീം, എച്ച് ഐ വി- ടി.ബി കോ-ഓർഡിനേറ്റർ വി.ജെ ജോൺസൺ എന്നിവർ സംസാരിച്ചു.