ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിൽ ചെലവ് ഉപനിരീക്ഷകരുടെയും വിവിധ സ്ക്വാഡ് ലീഡര്‍മാരുടെയും യോഗം ചേര്‍ന്നു. മലപ്പുറം മണ്ഡലം ചെലവ് നിരീക്ഷകനായ ആദിത്യ സിങ് യാദവിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും പൊന്നാനി മണ്ഡലം ചെലവ് നിരീക്ഷകനായ പ്രശാന്ത് കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളിലുമായിരുന്നു യോഗം.
അനധികൃത മദ്യം, വന്‍തോതില്‍ പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെയും  പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെയും നീക്കം കര്‍ശനമായി നിരീക്ഷിക്കണമെന്ന് നിരീക്ഷകര്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീരദേശമേഖകളിലും ജില്ലാ അതിര്‍ത്തികളിലും കോഴിക്കോട് വിമാനത്താവള പരിസരത്തും പ്രത്യേകം നിരീക്ഷണം വേണം. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യണം.  തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണച്ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും അതത് സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ സ്ക്വാഡുകളുടെ ഇതു വരെയുള്ള പ്രവര്‍ത്തനവും നിരീക്ഷകര്‍ വിലയിരുത്തി.
ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും പൊന്നാനി വരണാധികാരിയുമായ കെ. മണികണ്ഠന്‍, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍കുമാര്‍ യാദവ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ഇലക്‍ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ പി.ജെ തോമസ് തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു.