പ്രകൃതി സൗഹാര്ദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില് സ്റ്റേഷന് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് ജില്ലാ കളക്ടര് ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹാര്ദ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകതയും മാര്നിര്ദേശങ്ങളും പൊതുജനങ്ങളില് എത്തിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില് സ്വീപ്പുമായി സഹകരിച്ചാണ് ഹരിത മാതൃകാ ബൂത്ത് ഒരുക്കിയത്.
വുഡ്, ഓല, കയര്, വൈക്കോല് തുടങ്ങി പൂര്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിര്മിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രം പരിചയപ്പെടുന്നതിനും ബൂത്തില് സൗകര്യമൊരുക്കിയിട്ടുണ്ട്. ജൈവ, അജൈവ മാലിന്യങ്ങള് തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകളും ബൂത്തില് സ്ഥാപിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങള്, പ്രകൃതി സൗഹാര്ദ തെരഞ്ഞെടുപ്പിനുള്ള മാര്ഗനിര്ദേശങ്ങള് എന്നിവ ഉള്പ്പെടുന്ന ലഘുലേഖ, പോസ്റ്ററുകള്, നോട്ടീസുകള് തുടങ്ങിയവ ബൂത്തില് വിതരണം ചെയ്യുന്നുണ്ട്.
ഏപ്രില് 26 വരെ സിവില് സ്റ്റേഷനില് ബൂത്ത് പ്രവര്ത്തിക്കും. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര് എന്.എം മെഹ്റലി, എന്.ആര്.ഇ.ജി.എ പ്രോഗ്രാം ഓഫീസര് പി.സി.മജീദ്, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര് പി. ജയരാജന്, ശുചിത്വമിഷന് ജില്ലാ കോര്ഡിനേറ്റര് എസ്.ഹര്ഷന്, അസിസ്റ്റന്റ് ഡയറക്ടര് ഡോ അനുപമ, നവ കേരളമിഷന് കോ ഓര്ഡിനേറ്റര് ഇ സുരേഷ് ബാബു, സ്വീപ് നോഡല് ഓഫീസര് പി.യു സിത്താര, ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര് കെ. അനൂപ്, അസിസ്റ്റന്റ് കോ ഓര്ഡിനേറ്റര് കെ. റഹിം ഫൈസല് എന്നിവര് പങ്കെടുത്തു.