എറണാകുളം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട ചെലവ്
പരിശോധന നടത്തി. ചെലവ് നിരീക്ഷകൻ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസ് മീറ്റിംഗ് ഹാളിൽ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരും പ്രതിനിധികളും പങ്കെടുത്തു.
എല്ലാ ചെലവുകളും കണക്കിൽ ഉൾപ്പെടുത്തണമെന്നും കൃത്യമായ രീതിയിൽ ഫണ്ട് ക്രമീകരണം നടത്തണമെന്നും നിരീക്ഷകൻ ഏജന്റുമാർക്കും പ്രതിനിധികൾക്കും നിർദ്ദേശം നൽകി.
ചെലവ് നിരീക്ഷക വിഭാഗം ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററുമായി സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ ചെലവ് രജിസ്റ്റര്‍ താരതമ്യപ്പെടുത്തുന്നതിനും പൊരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ കൈകൊള്ളുകയും ചെയ്യുന്നതിനാണ് പരിശോധന നടത്തുന്നത്.
മൂന്ന് ഘട്ടമായാണ് പരിശോധന. ആദ്യഘട്ടം പരിശോധന ഏപ്രിൽ 12ന് നടത്തി. മൂന്നാംഘട്ട പരിശോധന 23ന് നടത്തും. സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് മുതൽ ഏപ്രിൽ 15 വരെയുള്ള കണക്കുകളാണ് രണ്ടാംഘട്ടത്തിൽ പരിശോധിച്ചത്.
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം ഓരോ സ്ഥാനാർത്ഥിയുടെയും തിരഞ്ഞെടുപ്പ് ചെലവുകൾ ദിവസവും കണക്കാക്കുകയും അതനുസരിച്ച് ഷാഡോ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. സ്ഥാനാർത്ഥികളും ചെലവ് രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്.
ചെലവ് നിരീക്ഷക വിഭാഗം നോഡല്‍ ഓഫീസർ വി എൻ ഗായത്രി, അസിസ്റ്റന്റ് നാേഡൽ ഓഫീസർ ആർ വിനീത് എന്നിവരടങ്ങിയ സംഘം മുഖ്യ നിരീക്ഷകനൊപ്പം പരിശോധനയിൽ പങ്കെടുത്തു.