ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീപ്പിൻ്റെ നേതൃത്വത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഐടി ജീവനക്കാരനായ ടി.പി രാഗേഷ്, എഫ്.എ.സി.ടിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ അനിൽ രാഘവൻ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.

മനോരമ ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ വർഗീസ് ജോൺ രണ്ടാം സ്ഥാനവും റിട്ടയേഡ് അധ്യാപകനും കോലഞ്ചേരി സ്വദേശിയുമായ റോയ് വി എബ്രഹാം, ഭാര്യ ബിന്ദു റോയ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സമ്മാനം നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് 5000, 3000, 2000 രൂപ വീതമാണ് സമ്മാനമായി നൽകിയത്. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന മത്സരത്തിൽ 23 ടീമുകൾ പങ്കെടുത്തു. അസിസ്റ്റൻ്റ് കളക്ടർ നിഷാന്ത് സിഹാര മത്സരം ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ ടെസിൻ സൈമൺ ക്വിസ് മത്സരം നിയന്ത്രിച്ചു. സ്വീപ്പ് സംഘാടകരായ സി.രശ്മി, കെ.ജി വിനോജ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

വിജയികളായവർക്കുള്ള ഫൈനല്‍ മത്സരം തിരുവനന്തപുരത്ത് നടക്കും. മെഗാ ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 10,000, 8000, 6000 രൂപ വീതം സമ്മാനമായി ലഭിക്കും.

ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതൽ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭാ, നിയമസഭ), ഇന്ത്യൻ -കേരളീയ രാഷ്ട്രീയത്തിലെ പ്രമുഖ സംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യങ്ങൾ. 1888 മുതലുള്ള നാട്ടുരാഷ്ട്രങ്ങൾ, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു.