* മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു
പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘നയനാമൃതം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ആര്‍ദ്രം പദ്ധതിയെ സഹായിക്കുംവിധം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ പരിശോധനാ, ചികിത്സാ സൗകര്യെമാരുക്കുന്നതിന് ‘നേതാമൃതം’ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍തന്നെ നേത്രപടല രോഗം തിരിച്ചറിയുന്നത് അന്ധതയിലേക്ക് നയിക്കുന്നത് ഒഴിവാക്കി നേരത്തെ ചികിത്സയ്ക്ക് സഹായിക്കും. പരിശോധയ്ക്കായി വിദഗ്ധ ക്യാമറകളും ആശുപത്രികളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ് നഴ്സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതിയോടനുബന്ധിച്ച് പരിശീലനവും നല്‍കി. ഇ-ഹെല്‍ത്ത് പദ്ധതി വഴി പരിശോധനാ വിവരങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് കൈമാറാനും വിദഗ്ധാഭിപ്രായം തേടാനും സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓര്‍ണേറ്റ് ഇന്ത്യ- യു.കെ പ്രോജക്ട് ഡയറക്ടര്‍ ഡോ. ശോഭാ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഗവ. കണ്ണാശുപത്രി ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പോസ്റ്ററിന്റെ പ്രകാശനം ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയും ഇമേജ് റെഡി റെക്കണറിന്റെ പ്രകാശനം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവിയും നിര്‍വഹിച്ചു. കൗണ്‍സിലര്‍ ആര്‍. സതീഷ് കുമാര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ദേശീയ അന്ധതാ നിവാരണ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. കൃഷ്ണകുമാര്‍, എന്‍.സി.ഡി സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. ജയറാംദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നയനാമൃതം പദ്ധതി വഴി ഡയബറ്റിക് റെറ്റിനോപതി രോഗമുണ്ടോയെന്ന് പ്രമേഹരോഗികള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യമുണ്ടാകും. തുടര്‍ചികിത്സ ആവശ്യമുള്ളവരുണ്ടെങ്കില്‍ ജില്ലാ ആശുപത്രികളില്‍ സൗകര്യമൊരുക്കും.