നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം പച്ചപ്പിനെ വരവേറ്റ് മീന്തലക്കര പാടം കതിരണിയും. കവിയൂര്‍ പുഞ്ചയില്‍ തിരുവല്ല നഗരസഭ പ്രദേശത്തെ മീലന്തക്കര പാടത്ത് നിലമൊരുക്കല്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് 70 ഏക്കറോളം വരുന്ന മീന്തലക്കര പാടത്ത് നിലമൊരുക്കുന്നത്. കവിയൂര്‍ പുഞ്ചയിലെ 1400 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാകുന്നതിന്റെ ഭാഗമായാണ് മീലന്തക്കര പാടത്തും കൃഷിയിറക്കുന്നത്. തിരുവല്ല നഗരസഭയിലെ കവിയൂര്‍, കുന്നന്താനം എന്നീ പഞ്ചായത്തുകളിലായിട്ടാണ് കവിയൂര്‍ പുഞ്ച വ്യാപിച്ച് കിടക്കുന്നത്. കൃഷിക്ക് യോഗ്യമായ മുഴുവന്‍ നിലത്തും കൃഷിയിറക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് മാസത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കവിയൂര്‍ പുഞ്ച പച്ചപ്പണിയുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ആഘോഷത്തിമിര്‍പ്പിലാണ് നിലമൊരുക്കല്‍ ആരംഭിച്ചത്. ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് ട്രാക്ടര്‍ ഉരുട്ടി നിലമൊരുക്കല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ജയശ്രീ മുരിക്കനാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജേക്കബ് ജോര്‍ജ് മനക്കല്‍, സാറാമ്മ ഫ്രാന്‍സിസ്, പാടശേഖര സമിതി ഭാരവാഹികളായ രതീഷ് പാലിയില്‍, മധു മുരിക്കനാട്ടില്‍, പ്രസാദ് പാട്ടത്തില്‍, രാജേഷ് കാടമുറി, ശിവരാമന്‍ പാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.