വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന്   പാലക്കാട് ജില്ലാ റവന്യു അസംബ്ലിയില്‍  എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു. റവന്യു സര്‍വെ ഭവന നിര്‍മ്മാണ വകുപ്പുകളുമായി  ബന്ധപ്പെട്ട പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐ.എല്‍.ഡി.എം) ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ ആവശ്യമുന്നയിച്ചത്.

കാന്തപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പട്ടാമ്പി നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിവരങ്ങള്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയും യോഗത്തില്‍ ഉന്നയിച്ചു. മറ്റു നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ വിഷയങ്ങള്‍ ബന്ധപ്പെട്ട എം.എല്‍.എമാരും റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

നദികളില്‍ നിന്നും  മണല്‍ വാരുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. പുഴയോരങ്ങള്‍ ഇടിയുന്നതുമൂലം പലരുടേയും ഭൂമി നഷ്ടമാകുന്നത് സംബന്ധിച്ച വിവരങ്ങള്‍ എംഎല്‍എമാര്‍ യോഗത്തില്‍ ഉന്നയിച്ചു. ഇടിയുന്ന തീരങ്ങള്‍ കെട്ടി സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും റിവര്‍ മാനേജ്‌മെന്റ് ഫണ്ട് അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചു.  പുറമ്പോക്ക് സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സോളാര്‍ പദ്ധതി നടപ്പാക്കാവുന്നതാണെന്ന് വൈദ്യുതി മന്ത്രി അഭിപ്രായപ്പെട്ടു.

കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം ജിലയിലെ ചില സമുദായങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ലക്ഷം വീടുകള്‍ ഒറ്റ വീടുകളാക്കാന്‍ നടപടിയുണ്ടാകണം. ലക്ഷം വീടുകളില്‍ ഒന്നിന് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുമ്പോള്‍ അടുത്ത വീട്ടുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും ഭവന നിര്‍മ്മാണ വകുപ്പും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും സഹായം നല്‍കുന്നത് പരിഗണിക്കാനാകുമെന്നും എം.എല്‍.എമാര്‍ അറിയിച്ചു.

ജില്ലയില്‍ കര്‍ഷകരുടെ കൈവശ ഭൂമിയില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ഇല്ലാതെ വനം വകുപ്പ് ഏകപക്ഷീയമായി ജണ്ടകള്‍ സ്ഥാപിക്കുന്ന നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടു ലുകള്‍ ഉണ്ടാകണമെന്ന് എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു. മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതിന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ജന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വില്ലേജുകളില്‍ മുന്‍ഗണ നല്‍കി  ഡിജിറ്റല്‍ സര്‍വെ നടപ്പാക്കണം.
ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഭൂനികുതി സ്വീകരിക്കാത്ത പ്രശ്‌നത്തിന് പരിഹാരം വേഗത്തില്‍ ഉണ്ടാകണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്തു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നടപടികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഓരോ പദ്ധതിയും പ്രത്യേകമായി അവലോകനം ചെയ്യണമെന്ന് റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റവന്യു മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി.രാജേഷ്, എം.എല്‍.എമാരായ കെ.ബാബു, പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, എ.പ്രഭാകരന്‍, കെ.ഡി.പ്രസേനന്‍, കെ.പ്രേംകുമാര്‍, കെ.ശാന്തകുമാരി, പി.പി.സുമോദ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണല്‍ ഡോ.എ.കൗശിഗന്‍, ജോയിന്റ് കമ്മീഷണര്‍ എ.ഗീത, സര്‍വെ ഡയക്ടര്‍ സിറാം സാംബശിവ റാവു, ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര, ജില്ലയില്‍ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.