കുടിവെള്ളത്തിന് പോലും അയിത്തം നിലനിന്നിരുന്ന നാട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശന വേദിയിലാണ് കേരളത്തിന്റെ ഇരുള്‍നിറഞ്ഞ ചരിത്രത്തിന്റെ ഏടുകള്‍ പ്രതിഫലിപ്പിരിക്കുന്നത്. മണ്‍മറഞ്ഞുപോയേക്കാവുന്ന ചരിത്ര അറിവുകളെയാണ് വേറിട്ട ചരിത്ര പ്രദര്‍ശനത്തിലൂടെ പുതുതലമുറയ്ക്ക് കൈമാറുന്നത്. അയിത്തവും അനാചാരവും കാര്‍ന്നുതിന്നിരുന്ന കാലത്ത് തിരുവിതാംകൂറിലെ കിണറുകളില്‍ നിന്നും ചാന്നാര്‍ വിഭാഗം ഉള്‍പ്പെടെയുള്ള കീഴ്ജാതിക്കാര്‍ക്ക് വെള്ളം കോരുവാന്‍ അവകാശം ഉണ്ടായിരുന്നില്ല. ഈ സമ്പ്രദായത്തെ വൈകുണ്ഡസ്വാമി ചോദ്യം ചെയ്തു. എല്ലാ ജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാന്‍ പലയിടത്തും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കിണറുകള്‍ കുഴിച്ചു. ഈ കിണറുകളാണ് മുന്തിരികിണറുകള്‍ എന്ന് അറിയപ്പെട്ടിരുന്നത്. തീര്‍ന്നില്ല, 1924 ലെ മഹാപ്രളയത്തിലും വൈക്കം സത്യാഗ്രഹം തുടര്‍ന്നിരുന്നു, സമരക്കാര്‍ വെള്ളത്തില്‍ നിന്നാണത്രേ സമരം ചെയ്തത്. സമരക്കാര്‍ക്കായി പോലീസുകാര്‍ വഞ്ചിയില്‍ കാവല്‍ നിന്നുവെന്നും ചരിത്രപ്രദര്‍ശനത്തില്‍ വെളിവാക്കുന്നു. ഒരു കാലത്ത് പിന്നാക്കകാര്‍ക്ക് പശുവിനെ തീറ്റാന്‍ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. പോറ്റാനും പാല്‍ കറക്കാനും അവകാശമില്ലായിരുന്നു. പശു പ്രസവിച്ച കഴിഞ്ഞാല്‍ താഴ്ന്ന ജാതിക്കാര്‍ അതിനെ അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്‍പ്പിക്കണമെന്നായിരുന്നു പ്രമാണം. കറവ തീരുമ്പോള്‍ അവര്‍ അറിയിക്കും. ഈ നടപടിയെ എതിര്‍ത്താല്‍ മരത്തില്‍ കെട്ടിയിട്ട് അടിക്കുന്നതാണ് ശിക്ഷ. ഇങ്ങനെ അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂട്ടായ്മ, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജാതിശ്രേണികള്‍, അസമത്വം, ക്ഷേത്ര പ്രവേശന വിലക്ക് തുടങ്ങിയ നിരവധി അനാചാരങ്ങള്‍ നീണ്ടുനിന്ന കാലഘട്ടത്തിന്റെ അതിജീവന കഥയാണ് ചിത്രപ്രദര്‍ശനം പറയുന്നത്. വിപ്ലവകരമായ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ക്ഷേത്രപ്രവേശന വിളംബരം തുടങ്ങിയവയുടെ ഉത്തരവുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അയ്യങ്കാളി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, വക്കം മൗലവി, വി.ടി ഭട്ടതിരിപ്പാട്, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങി നവോത്ഥാന നായകരുടെ പ്രവര്‍ത്തനരേഖകളും ജീവചരിത്രവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, കവി ഏഴാച്ചേരി രാമചന്ദ്രന്‍, മുന്‍ എംഎല്‍എ കെ.സി രാജഗോപാല്‍, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
(പിഎന്‍പി 3665/18)