* ‘ശരണബാല്യം’ പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നിന്റെ ഉദ്ഘാടനവും 15ന്
ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ ‘സ്പെക്ട്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നാലുജില്ലകളില്‍ നടപ്പാക്കിവരുന്ന ‘ശരണബാല്യം’ പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി ചടങ്ങില്‍ നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.
നാഡീവികസനത്തിലെ അപര്യാപ്തതമൂലം ചെറുപ്രായത്തില്‍തന്നെ സാമൂഹ്യകാര്യങ്ങളിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള പൊരുത്തക്കേട് പ്രകടമാക്കുന്ന അവസ്ഥയാണ് ഓട്ടിസം. സര്‍ക്കാര്‍ മേഖലയില്‍ ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒന്നുംതന്നെ നിലവിലില്ലായിരുന്ന സാഹചര്യത്തിലാണ് കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ ‘സ്പെക്ട്രം’ എന്ന പ്രത്യേക പദ്ധതി തയാറാക്കിയത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ശാക്തീകരണം, നിലവാരമുള്ള തെറാപ്പി സെന്ററുകളിലൂടെ ഗുണനിലവാരമുള്ള തെറാപ്പി സേവനങ്ങള്‍ സംസ്ഥാനത്തുടനീളം ഉറപ്പാക്കുക, അഞ്ച് മെഡിക്കല്‍ കോളേജുകളിലും കോഴിക്കോട് ഇംഹാന്‍സിലും ഓട്ടിസം സെന്ററുകള്‍, തൃശൂര്‍ നിപ്മറില്‍(NIPMR) റീജിയണല്‍ ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, ഓട്ടിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം, ഓട്ടിസം ബാധിതര്‍ക്കായി സാങ്കേതിക സഹായത്തോടെ നൂതന ആശയവിനിമയ ഉപാധികളുടെ വികസനവും വ്യാപനവും, ഓട്ടിസം ബാധിതര്‍ക്കുള്ള നൈപുണ്യവികസന പരിപാടികള്‍ എന്നീ ഏഴുഘടകങ്ങളാണ് ‘സ്‌പെക്ട്ര’ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളികളില്‍ നടപ്പാക്കിവരുന്ന ‘ശരണബാല്യം’ പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തും.
തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, പോലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ ബാലവേല ബാലഭിക്ഷാടനം ബാലചൂഷണം എന്നിവ പ്രതിരോധിക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ‘ശരണ്യബാല്യം’ എന്ന കര്‍മ്മപദ്ധതി രൂപം നല്‍കിയത്. പത്തനംതിട്ട ജില്ലയിലാണ് ഈ പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ റെസ്‌ക്യൂ ഓഫീസര്‍മാരെ നിയോഗിച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കി വരുന്നത്. പദ്ധതിയുടെ ഭാഗമായി 65 കുട്ടികളെ റെസ്‌ക്യു ചെയ്യുകയുണ്ടായി. ഇതില്‍ 37 കുട്ടികള്‍ ഇതര സംസ്ഥാനക്കാരായിരുന്നു. പദ്ധതിയുടെ വന്‍വിജയത്തെ തുടര്‍ന്നാണ് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നത്.
ചലച്ചിത്രതാരവും നര്‍ത്തകിയുമായ നവ്യ നായര്‍ തയാറാക്കിയ ഭാരതിയാര്‍ കവിതയെ ആസ്പദമാക്കി ‘ചിന്നം ചിറുകിളിയേ’ എന്ന നൃത്താവിഷ്‌ക്കാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള നിരുപാധിക സ്നേഹം പ്രമേയമാക്കുന്ന വീഡിയോയാണിത്. കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവും കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയും സമകാലിക സാഹചര്യത്തില്‍ ഈ ഭരതനാട്യ നൃത്തവീഡിയോയില്‍ അവതരിപ്പിക്കുന്നു.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക്്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ചലച്ചിത്രതാരം നവ്യാ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.