നമ്മുടെ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിന് പുതിയ മുഖച്ഛായ നല്‍കുന്ന സ്വതന്ത്ര സമര-സാംസ്‌കാരിക ഇടനാഴി രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശം ജില്ല കളക്ടര്‍ കെ ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കാസര്‍കോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന ‘നമ്മുടെ കാസര്‍കോട് പരിപാടി അവലോകന യോഗത്തിലായിരുന്നു പൈതൃക ഇടനാഴി നിര്‍ദ്ദേശമുണ്ടായത്.
ദേശീയ പ്രസ്ഥാനത്തിന്റേയും കര്‍ഷക പ്രസ്ഥാനത്തിന്റേയും പോരാട്ട കേന്ദ്രങ്ങളായിരുന്ന ഇവിടങ്ങളിലൂടെ കാസര്‍കോട് ജില്ലയിലെ മഹാരഥന്മാരായ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ എ.സി.കണ്ണന്‍ നായര്‍, രസിക ശിരോമണി കോമന്‍ നായര്‍, വിദ്വാന്‍ പി.കേളു നായര്‍, വിദ്വാന്‍ കെ കെ നായര്‍ സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍ എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ ചിത്രങ്ങളും ശില്‍പ്പങ്ങളും ഉദ്യാനങ്ങളുമടങ്ങിയ ഒരു ഇടനാഴി വികസിപ്പിച്ചാല്‍ അത് ജില്ലയുടെ സാംസ്‌കാരിക തനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വിഖ്യാത ശില്പി കാനായി കുഞ്ഞിരാമനും ഈ പ്രദേശത്താണ് താമസിക്കുന്നത്. പരമ്പരാഗത തൊഴിലുകള്‍ ആയ കൈത്തറി, ലോഹ, ദാരു ശില്പ നിര്‍മ്മാണം, തെയ്യം ചമയങ്ങളുടെ നിര്‍മ്മാണം, കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയുടെ പരമ്പരാഗത കേന്ദ്രം കൂടിയാണ് ഈ പ്രദേശം. പരമ്പരാഗത രീതിയില്‍ എണ്ണയാട്ടുന്ന പ്രദേശം കൂടിയായിരുന്നു ഇവിടെ. ഇതുവഴി കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. പരമ്പരാഗത നിര്‍മ്മാണ രീതികള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഇടനാഴി ഉപകരിക്കും.