ഏഴംകുളം പഞ്ചായത്തില്‍ കാടുകയറിയും മാലിന്യം നിറഞ്ഞും ഉപയോഗശൂന്യമായി കിടക്കുന്ന അറുകാലിക്കല്‍ ഈഴത്തോട് ചിറയ്ക്ക് ശാപമോക്ഷം. ഈഴക്കോട് ചിറ മത്സ്യവളര്‍ത്തല്‍ കേന്ദ്രമാക്കി മുഖം മിനുക്കാനൊരുങ്ങുകയാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് ഈഴക്കോട് ചിറ. 125 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുമുള്ള ചിറ രണ്ടേക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചിറ നവീകരണത്തിനായി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ 84.90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പഞ്ചായത്തിന് നല്‍കിക്കഴിഞ്ഞു. ഇതിനുള്ള ഫണ്ട് ലഭ്യമാക്കി പണി ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചിറയുടെ നവീകരണം കഴിഞ്ഞാല്‍ ഫിഷറീസ് വകുപ്പ് വഴി മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ച് മത്സ്യകൃഷി ആരംഭിക്കാനാണ് തീരുമാനം. മത്സ്യകൃഷിയുടെ ചുമതല കുടുംബശ്രീയെയോ മറ്റ് സംഘങ്ങളെയോ ഏല്‍പ്പിക്കാനാണ് പദ്ധതി. ചിറയിലേയ്ക്ക് പുറത്ത് നിന്ന് വെള്ളം കയറാതെയും മാലിന്യവും മറ്റും വലിച്ചെറിയാത്ത നിലയില്‍ നാല് വശവും കെട്ടി സംരക്ഷിച്ച ശേഷമായിരിക്കും മത്സ്യകൃഷി ആരംഭിക്കുക.