നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്.
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പ്രധാന ചുമതല ടാറ്റ
പ്രോജക്ട് ലിമിറ്റഡിനാനല്‍കിയിട്ടുള്ളത്.
3600 ച.മീറ്റര്‍ വിസ്തൃതിയുള്ള വിരി ഷെഡാണ് തയാറാക്കിയിട്ടുള്ളത്. നിലയ്ക്കലില്‍ നിലവിലുള്ള 470 സ്ഥിരം ടോയ്‌ലറ്റുകള്‍ക്ക് പുറമേ 500 ടോയ്‌ലറ്റുകള്‍ കൂടി സ്ഥാപിച്ചു. കണ്ടയിനര്‍ രൂപത്തില്‍ ബയോ ഡൈജസ്റ്റര്‍ സംവിധാനം ഉപയോഗിച്ചുള്ളവയാണ് പുതിയ ടോയ്‌ലറ്റുകള്‍. നിലയ്ക്കലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അഞ്ച് സ്ഥലങ്ങളിലായി അഞ്ച് ആര്‍ഒ പ്ലാന്റുകള്‍ ടാറ്റാ പ്രോജക്ട് സ്ഥാപിച്ചു. ഒരു പ്ലാന്റില്‍ മൂന്ന് മുതല്‍ ഏഴ് വരെ ആര്‍ഒ യൂണിറ്റുകളാണ് ഉള്ളത്. ഒരു യൂണിറ്റില്‍ 2500 ലിറ്റര്‍ ജലം ശുദ്ധീകരിക്കുമ്പോള്‍ ഇതില്‍ 1000 ലിറ്റര്‍ ജലം കുടിവെള്ളത്തിനും 1500 ലിറ്റര്‍ ജലം ടോയ്‌ലറ്റുകളിലേക്കും മറ്റാവശ്യങ്ങള്‍ക്കും വിതരണം ചെയ്യാവുന്ന രീതിയിലാണ് ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം. ജലവിതരണം രണ്ട് ദിവസത്തിനുള്ളില്‍ സാധ്യമാകും. 300 വാട്ടര്‍ കിയോസ്‌കുകളാണ് കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിലയ്ക്കലില്‍ സ്ഥാപിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ നിലവില്‍ 50 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കുന്നതിനുള്ള ടാങ്കുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ 25 ലക്ഷം ലിറ്റര്‍ ജലം കൂടി സംഭരിക്കുന്നതിനുള്ള ടാങ്കുകളുടെ നിര്‍മാണവും പൂര്‍ത്തിയായി അഞ്ച് ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള മൂന്ന് സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്റര്‍ ശേഷിയുള്ള 20 പിവിസി ടാങ്കുകളുമാണ് ജലവിതരണത്തിനായി സ്ഥാപിച്ചിട്ടുള്ളത്.
പോലീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 480 പോലീസുകാര്‍ക്ക് തങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ള കണ്ടയിനര്‍ ബാരക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
ഈ തീര്‍ഥാടന കാലത്ത് സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും തീര്‍ഥാടകരെ പമ്പയിലേക്കും തിരിച്ചും എത്തിക്കുക. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ അധികസൗകര്യങ്ങളും ഒരുക്കി.