കൊണ്ടോട്ടി: ഇശലുകളുടെ കഥയും ചരിത്രവും മാധുര്യവും പകര്‍ന്നും കോല്‍ക്കളിക്കൊപ്പം ചുവടുവച്ചും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവത്തിന്റെ മൂന്നാം ദിനം. കാലിക്കറ്റ് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി നഗരസഭാ കൗണ്‍സിലര്‍ ഷിഹാബ് കോട്ട ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, രാഘവന്‍ മാടമ്പത്ത്, ഷാനിബ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുളിക്കല്‍ നാടക സമിതിയുടെ മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍ നാടകവും അരങ്ങേറി. മാപ്പിളപ്പാട്ടുകളുടെ ചരിത്രവും വിശേഷവും പങ്കുവച്ച് ഫൈസല്‍ എളേറ്റില്‍ ‘ഇശലുകള്‍ കഥ പറയുന്നു പാട്ടും പറച്ചിലും’ പരിപാടിയും നടന്നു.
അങ്കണവാടി പ്രവര്‍ത്തകരുടെ കലാസംഗമത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. എം.എ സന്ധ്യ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. സി.ഡി.പി.ഒ. റംലത്ത്, പുലിക്കോട്ടില്‍ ഹൈദരാലി, എം.എ. പുഷ്പ എന്നിവര്‍ പ്രസംഗിച്ചു.
മഹോത്സവത്തില്‍ ഇന്ന്
വൈദ്യര്‍ മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനഴ്ച ഫൈസല്‍ കന്മനത്തിന്റെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ട് അന്താക്ഷരി, പി. ജയചന്ദ്രന്‍, എം.ടി. അനുസ്മരണം നടക്കും. മൂന്നു മണിക്ക് നിര്‍മാല്യം സിനിമ പ്രദര്‍ശിപ്പിക്കും. കലാ സന്ധ്യയില്‍ മാപ്പിളപ്പാട്ടും ബാബുക്കയും എന്ന എന്ന പരിപാടി കെ.വി. അബൂട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറും